തുഷാര ബിന്ദുക്കൾ

     “തന്നിഷ്ടത്തിന് ജീവിക്കാനാണെങ്കിൽ വേറെ സ്ഥലം നോക്കിക്കോണം ഇവിടെ പറ്റില്ല ഇവിടെ ഞാനും എന്റെ കുടുംബവും സ്വന്ഥമായി താമസിക്കുന്ന വീടാണ്. ഞങ്ങൾക്കൊന്ന് സ്വസ്ഥമായി ഉറങ്ങണം”

. കാതിൽ ഈയം ഉരുക്കിയൊഴിച്ചതുപോലെയുള്ള വാക്കുകൾ 

കേട്ടത് വിശ്വസിക്കാനാവാതെ വീണ്ടും കാതോർത്തു. 

സ്വപ്നമല്ല സത്യം തന്നെ

 എന്ത് കേൾക്കരുതെന്ന് ആഗ്രഹിച്ചോ അത് കേട്ടിരിക്കുന്നു.

താനിന്നലെ രാത്രി പഴയകാല സുഹൃത്തിനോട് പതിവിൽ കവിഞ്ഞ് രാത്രി ഫോണിൽ സംസാരിച്ചതാണ് പ്രശ്നം. സംസാരിക്കുന്നതിന്റെ ശബ്ദവും ഹാളിലെ വെളിച്ചവും കൊണ്ട് അനന്തുവിന്റെ കുടുംബത്തിന്റെ ഉറക്കം തടസപ്പെട്ടത്രേ. 

കോളേജ് കാലം മുതൽ മനസ്സിനോടടുത്ത സുഹൃത്ത്, വളരെ അപൂർവ്വമായി മാത്രം തന്റെ വിഷമം പുറത്തു കാണിക്കുന്ന സുഹൃത്ത്. തന്റെ വിഷമം പങ്കുവെക്കാനും ഒരു ആശ്വാസം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ പഴയകാല സുഹൃത്തിനെ വിളിക്കുന്നു. 

പകൽ മുഴുവൻ Online പരിപാടികളുടെ തിരിക്കായിരുന്നു. 

തിരക്കൊഴിഞ്ഞോ എന്ന് ഇടയ്ക്കിടയ്ക്ക് മെസ്സേജ് വരുന്നുണ്ട്. അപ്പോൾ പിന്നെ വിളിക്കാതെ തരമില്ല. 

ഒന്ന് ഫ്രീയായപ്പോൾ രാത്രി 10:30 കഴിഞ്ഞു. സംസാരിച്ചുതുടങ്ങിയപ്പോൾ സമയം പോയത്റിഞ്ഞേയില്ല. അടഞ്ഞുകിടന്ന റൂമിനുള്ളിലുള്ളവർക്ക് അത് അലോസരം സൃഷടിക്കുമെന്ന് ഓർത്തതുമില്ല. 

അത് തന്റെ തെറ്റ്.

എല്ലാ തെറ്റുകളും സ്വയം ഏറ്റെടുക്കാനുള്ള വ്യഗ്രത സ്വതസിദ്ധമാണ്.

എന്ത് വന്നാലും മറ്റുള്ളവരുടെ തെറ്റുകളേക്കാൾ തന്റെ തെറ്റുകളെ പർവ്വതീകരിച്ച് കേട്ട അധിക്ഷേപങ്ങളിൽ ന്യായം കണ്ടെത്തും ഈയിടയായി അത് അലപം കൂടുകയും ചെയ്തിരിക്കുന്നു

സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാൻ അനന്തുവിനെ സഹായിക്കുക എന്നതായിരുന്നു ജീവിത ലക്ഷ്യം. 

ഓരോ ചെലവുകൾ വരുമ്പോഴും എങ്ങനെയെങ്കിലും ഒക്കെ തിരിച്ചും മറിച്ചും അത് നടത്തിയെടുക്കാൻ അവനേക്കാൾ tension തനിക്കായിരുന്നു. അവന് എന്തിനോടെങ്കിലും അതിയായ ആഗ്രഹം തോന്നിയെന്ന് മനസ്സിലായാൽ അത് നേടി ക്കൊടുക്കുന്നത് ഒരു ഹരം പകരുന്ന സംഭവമായിരുന്നു. 

ഇടയ്ക്ക് അച്ചുക്കുട്ടൻ അമ്മുക്കുട്ടിയോട് പറയുന്നത് കേൾക്കാം.

എടീ അമ്മൂ…

അപ്പയുടെ കയ്യിൽ കാശില്ല. എന്നൊക്കെ പറയുന്നത് വെറുതെയാണ്. ആദ്യമൊക്കെ ഞാനിത് വിശ്വസിച്ചിരുന്നു. പക്ഷെ ഇന്നാള് കണ്ടില്ലേ. കാശില്ലേ എന്ന് പറഞ്ഞിരുന്നിട്ട് പിറ്റേ ആഴ്ച അച്ഛന് പുതിയ SUV വണ്ടി കൊടുത്തത്.

അതേ ,അതേ ഓരോ പ്രാവശ്യവും . കിച്ചു ചേട്ടന്റെ ഫീസടയക്കാറാവുമ്പോഴും എന്റെ കയ്യിൽ ഒന്നുമില്ല എന്ന ഒരു പ്രസ്താവനയിറക്കും പക്ഷെ last date ന് മുൻപ് അതെങ്ങനെയും അടച്ചിരിക്കും. അപ്പോൾ പിന്നെ ഈ പറയുന്നതെല്ലാം വിശ്വസിക്കാമോ. കുറച്ച് കള്ളത്തരം ഉണ്ട്. 

ശരിയാ 

ഇനിയിപ്പോ അടുത്ത മാസത്തെഫീസടയക്കണ്ടേ. അപ്പോഴും വരും പതിവ് പല്ലവി. പക്ഷേ സമയമാവുമ്പോൾ അച്ഛനേക്കാൾ മുന്നേ എങ്ങനെയും അതടച്ചിരിക്കും.

വാതിൽപ്പടിയോളം എത്തിയപ്പോൾ തന്റെ കാതിലലച്ചത് ഈ കുട്ടി വർത്തമാനങ്ങളാണ്. അവസാനത്തെ വരി കേട്ടപ്പോൾ അറിയാതെ കൈ കഴുത്തിലെ നേർത്ത സ്വർണ്ണമാലയിലേക്ക് പോയി. കൈ കൊണ്ട് അത് മുറുകെ പിടിച്ച്കൊണ്ട് മനസ്സിലുറപ്പിച്ചു

അതെ… അതും എങ്ങനെയെങ്കിലും അടയ്ക്കും.

പക്ഷേ ഇതിങ്ങനെ എത്ര നാൾ ?

 ഇനി അവശേഷിക്കുന്നത് ആരോഗ്യം നഷ്ടപ്പെട്ടു തുടങ്ങിയ ഈ ശരീരം മാത്രം ഇത്തവണത്തെ അച്ചുക്കുട്ടന്റെ ഫീസും കൂടി കഴിഞ്ഞാൽ അവശേഷിക്കുന്നത് കാതിലെ ഒരു തരി പൊന്ന് മാത്രം

ഓവർ ഡ്രാഫ്റ്റിലും താഴേക്ക് പോയാൽ എന്ത് സംഭവിക്കുമെന്ന കൗതുകത്താൽ തിക്കിത്തിരക്കുകയാണ് അക്കൗണ്ടുകളിലെ അക്കങ്ങൾ.

കൈകളിലെ വളകളുടെ ചിലമ്പൽ നിലച്ചിട്ട് നാളുകളേറെയായി.

സർക്കാർ മുഴുവൻ പൈസയും പ്രോവിഡന്റ് ഫണ്ടിൽ നിന്നും എടുക്കാൻ സമ്മതിക്കാത്തതുകൊണ്ടു മാത്രം കുറച്ചു തുക ആ അക്കൗണ്ടിൽ ബാലൻസ് നിൽക്കുന്നു. 25 വർഷത്തെ സേവനത്തിന്റെ ബാക്കിപത്രം.

ലോണുകൾക്ക് മേൽ ലോണുകൾ. ആലോചിച്ചപ്പോൾ അരുന്ധതിയ്ക്ക് തല പെരുക്കുന്നതുപോലെ തോന്നി.

ഭർത്താവിന്റെ മരണശേഷം താനിവിടെത്തന്നെയായിരുന്നു. അച്ഛൻ മരിച്ചതിന് ശേഷം കുറെക്കാലം കഴിഞ്ഞപ്പോൾ അമ്മയും പോയി. പിന്നെ അനന്തുവും കുടുംബവുമായിരുന്നു തന്റെ ലോകം .

ആ ലോകത്തിൽ നിന്നാണ് ഈ തണുത്ത വെളുപ്പാൻ കാലത്ത് താൻ പടിയിറങ്ങുന്നത്. എങ്ങോട്ടെന്ന് ഒരു രൂപവുമില്ല.

രാത്രികൾ വീണ്ടും ഇരുണ്ടു വെളുത്തു. തണുത്ത വെളുപ്പാൻ കാലങ്ങളിൽ തുഷാര ബിന്ദുക്കൾ നിറഞ്ഞ കാറ്റ് അരുന്ധതിയെ പൊതിഞ്ഞു പിടിച്ചു

“മാഡം…  സ്ഥലമെത്തി “

ഓ എത്തിയോ . വളരെ നന്ദി

രാവിലെ കൂലിക്കൊപ്പം ഒരു നന്ദി വാക്കു കൂടി കിട്ടിയ സന്തോഷത്തിൽ ടാക്സി ഡ്രൈവറുടെ മുഖം പ്രകാശിച്ചു

വർഷങ്ങൾക്കു ശേഷം ഒരു വനിതാ കോളജിന്റെ പടി കടക്കുമ്പോൾ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ ഇരച്ച് കയറി. 

കോളേജിന്റെ കവാടം മുതൽ തന്നെ വനിതാ ദിന ആഘോഷങ്ങളുടെ പൊലിമ അറിയാനുണ്ടായിരുന്നു. വനിതകളുടെ പഞ്ചാരിമേളവും താലപ്പൊലിയുമൊക്കെ അണിനിരന്നിരിക്കുന്നു.

തന്നെ ക്കണ്ടതും സംഘാടകരിൽ ചിലർ ഓടിയെത്തി. ഹൃദ്യമായി സ്വീകരിച്ചു. ഒന്ന് fresh ആകാനുള്ള മുറിയിലേക്ക് ആനയിച്ചു.

“മാഡം : Program Start ചെയ്യുന്നതിന് തൊട്ട് മുന്നേ ഞാൻ വന്ന് മാഡത്തെ കൂട്ടിക്കൊണ്ടുപോകാം. കൊച്ചു സുന്ദരി മൊഴിഞ്ഞു. “

Ok. Thankyou

എത്രയോ കാലത്തിന് ശേഷമാണ് സ്വന്തം നാട്ടിൽ,

 അരുന്ധതി കതക് തുറന്ന് ബാൽക്കണിയിലേക്കിറങ്ങി നിന്നു .

ചെറു മഴത്തുള്ളികൾ നിറഞ്ഞ ഒരു തണുത്ത കാറ്റ് വന്നവളെ പൊതിഞ്ഞു. കുറച്ചു നേരം  അവൾ വേറേതോ ലോകത്തായിരുന്നു

ഉദ്ഘാടനത്തിന് സമയമായി. തിങ്ങി നിറഞ്ഞ സദസ്യർക്കിടയിലൂടെ അരുദ്ധതി  തലയുയർത്തിപ്പിടിച്ച് വേദിയിലേക്ക് നടന്നു നീങ്ങി. അണിയറയിൽ നിന്ന് അപ്പോൾ അവതാരകയുടെ മധുരമൊഴി മുഴങ്ങുന്നുണ്ടായിരുന്നു.

” ഈ വർഷത്തെ മികച്ച സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ട , ” Curry leaf “എന്ന സംരംഭത്തിന്റെ എല്ലാമെല്ലാമായ , നമ്മുടെ മുഖ്യാതിഥി ശ്രീമതി. അരുന്ധതി മേനോൻ ഇതാ നിങ്ങൾക്കിടയിലൂടെ കടന്നു വരുന്നു

.

പറഞ്ഞു തീർന്നതും സദസ് കരഘോഷത്താൽ ഇളകിമറിയുകയായിരുന്നു

തന്റെ വസ്ത്രധാരണവും വ്യക്തിത്വവും കൊണ്ട് പ്രായത്തെ അതിജീവിച്ച അരുന്ധതി ,

Layer Cut ചെയ്ത മുടിയും Perfect makeup ഉം ജീൻസും ഷർട്ടും അവർക്ക് ഒരു മോഡേൺ പരിവേഷം നൽകി.

വനിതാ ദിനം ഗംഭീരമായി തന്നെ ആഘോഷിച്ചു. 

അതിനിടയിൽ ഒരു കുസൃതി ചോദ്യം എവിടെ നിന്നോ പറന്നു വന്നു “മാഡം എന്തുകൊണ്ടാണ് മാഡത്തിന്റെ സംരംഭത്തിന് Curry leaf എന്ന പേര് തെരഞ്ഞെടുത്തത് ?

മറുപടി ഒരു ഗൂഢ സ്മിതത്തിലൊതുക്കി അരുന്ധതി നടന്നകന്നു. അന്ന് അവിടെ വിളമ്പിയ കറികൾക്കെല്ലാം ഒരു പ്രത്യേക മണമുണ്ടായിരുന്നു. ഒരു സ്പെഷ്യൽ കറിവേപ്പിലയുടെ …… :

,

ജീവിതം പുതിയ കാഴ്ചപ്പാടിലൂടെ…

കാൻസറും വിഷാദരോഗവും ഒക്കെ ബാധിച്ചാൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും അല്ലേ. കുറച്ചു കാലത്തെ അജ്ഞാതവാസം നമ്മളെ കുറെയൊക്കെ മാറ്റിക്കളയും .

അങ്ങനെയുള്ള അജ്ഞാതവാസത്തിനു ശേഷം ഞാൻ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു. നമുക്ക് വീണ്ടും നടന്നു തുടങ്ങാം നിലാവ് വീണ ആ വഴികളിലൂടെ. ഇടയ്ക്ക് കഥകളും കവിതകളും പെയിന്റിംഗുകളും ഒക്കെ ആയി

എല്ലാം എന്റെ സ്വന്തം സൃഷ്ടികൾ

രാജേന്ദ്രൻ -മുടിയനായ പുത്രനോ?

നിലാവ് പെയ്യുന്ന വഴികളിലൂടെ

അദ്ധ്യായം – മൂന്ന്

രാജേന്ദ്രൻ വല്യച്ചതെപ്പറ്റിയുള്ള കഥകളെല്ലാം എൻ്റെ മനസ്സിൽ അദ്ദേഹത്തിന് ചാർത്തി തന്നത് ഒരു സ്നേഹം നിറഞ്ഞ ധിക്കാരിയുടെ പരിവേഷമായിരുന്നു. തീക്ഷ്ണമായ കണ്ണുകളുടെ കോണിൽ സ്നേഹം ഒളിപ്പിച്ച ധിക്കാരി.

എനിക്ക് കുറെക്കാലം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വൃഥാ മോഹിച്ചു പോകുന്നു …..

അച്ഛനമ്മമാരുടെ ശിക്ഷണക്കുറവു കൊണ്ടോ എന്തോ ധിക്കാരിയായവൻ’, സ്കൂൾ കാലഘട്ടത്തിൽ അവൻ ഒരിക്കലും അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നില്ല’ മറിച്ച് കണ്ണിലെ കരടായിരുന്നു. സ്കൂൾ വിദ്യാഭ്യാസം സംഭവബഹുലമായി അവസാനിപ്പിച്ച് വഴക്ക്, മദ്യപാനം, തുടങ്ങിയ കലാപരിപാടികളുമായി മുന്നേറുന്നതിനിടയിൽ ചില രാഷ്ട്രീയക്കാരുമായി ഒന്ന് കോർക്കാനിടയായി. അത് ചെന്നവസാനിച്ചത് രാജേന്ദ്രൻ്റെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള യാത്രയിലായിരുന്നു

കുത്തഴിഞ്ഞ ജീവിതത്തിന് യാതൊരു നിയന്ത്രണവുമില്ല എന്ന് വീട്ടുകാർക്ക് മനസ്സിലായിത്തുടങ്ങി.

ആ സമയത്ത് നാട്ടിൽ ആൺമക്കളെ ആരെയെങ്കിലും കൊണ്ട് വിവാഹം ചെയ്യിക്കാൻ പങ്കജാക്ഷിയമ്മ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയായിരുന്നു.

രാജേന്ദ്രൻ്റെ ഇമേജ് ഒരു നല്ല കുടുംബത്തിൽ നിന്ന് ഒരു ബാന്ധവം ലഭിക്കാൻ അനുയോജ്യമല്ലാതിരുന്നതിനാൽ ഇളയവനായ രവീന്ദ്രനു വേണ്ടി വിവാഹമാലോചിക്കാൻ തീരുമാനിച്ചു’

ചേട്ടൻ അവിവാഹിതനായിരിക്കേ അനിയൻ വിവാഹം കഴിക്കുന്നതിലെ അനൗചിത്യം തൽക്കാലം രാജേന്ദ്രൻ വിവാഹക്കാര്യം അറിയേണ്ട എന്ന തീരുമാനത്തിലേക്ക് എല്ലാവരെയും എത്തിച്ചു.

I

മകൻ്റെ വിവാഹത്തിലൂടെ പങ്കജാക്ഷിയമ്മയ്ക്ക് ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. അടുക്കള ജോലികളിൽ തന്നെ സഹായിക്കാൻ ഒരു പെണ്ണ വേണം. അതിന് 100 % അനുയോജ്യയായിരുന്നു രവീന്ദ്രൻ്റെ കൈ പിടിച്ച് കുന്നത്തറയിലെ മരുമകളായി എത്തിയ ഞക്കനാൽ ചെക്കാട്ട് കുടുംബത്തിലെ ശാന്തമ്മ കുറച്ച് നാൾക്കകം തന്നെ പക്ഷെ അനിയൻ്റെ വിവാഹ വിവരം മറ്റ് വഴികളിലൂടെ രാജേന്ദ്രൻ അറിയാനിടയായി. തൻ്റെ വീട്ടുകാർ അനിയൻ്റെ വിവാഹം തന്നിൽ നിന്ന് മറച്ചു വെച്ചത് രാജേന്ദ്രൻ്റെ മനസ്സിൽ ഒരു നീറ്റലായി അവശേഷിച്ചു’

ഇത് മദ്യപാനം പൂർവ്വാധികം ശക്തിയായി തുടരുന്നതിന് രാജേന്ദ്രൻ ഒരു കാരണമാക്കി.

തുടർച്ചയായ മദ്യപാനവും ചിട്ടയില്ലാത്ത ജീവിതവും രാജേന്ദ്രനെ ഒരു കരൾ രോഗിയാക്കി മാറ്റി

ആൻഡമാനിലെ ചികിത്സയൊന്നും ആ രോഗത്തെ പിടിച്ചു നിർത്താൻ പര്യാപ്തമായിരുന്നില്ല

ഇളയവനായ ചന്ദ്രൻ പോയി കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു

അപ്പോഴേക്കും രവീന്ദ്രൻ ശാന്തമ്മ ദമ്പതികളുടെ അരുമ മകളായി ഞാൻ പിറവിയെടുത്തിരുന്നു.

തന്നോട് പറയാതെ കല്യാണം നടത്തിയതിൽ നീരസം ഉണ്ടായിരുന്നെങ്കിലും എന്നോടോ അമ്മച്ചിയോടോ അദ്ദേഹം ആ നീരസം കാണിച്ചതേയില്ല.

മറിച്ച് എന്നോട് വലിയ വാൽസല്യമായിരുന്നു. കുന്നത്തറ വീട്ടിൽ കിഴക്കുഭാഗത്ത് ഒരു വലിയ ആഞ്ഞിലി ഉണ്ടായിരുന്നു. അതിൻ്റെ ചുവട്ടിലെ പഞ്ചാര മണലിൽ ആഞ്ഞിലി ചക്കകളും ആഞ്ഞിലിക്കുരുക്കളും വീണു കിടക്കുമായിരുന്നു. ആ ആഞ്ഞിലിയുടെ ചുവട്ടിൽ ഒരു റോസ് ടർക്കി ടൗവ്വൽ തോളത്തിട്ടു കൊണ്ട് എന്നെ എടുത്തു നടക്കുന്ന രാജേന്ദ്രൻ വല്യച്ഛൻ്റെ രൂപം അവ്യക്തമായി എൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു കാണുന്നു

രാജേന്ദ്രൻ വല്യച്ചാച്ചനെ മേപ്പള്ളി: കുറ്റിയിലെ ആശുപത്രിയിലാണ് ചികിത്സയ്ക്കായി കൊണ്ടു പോയത്.കരൾ രോഗമായിരുന്നു. ഒരു ചികിത്സയ്ക്കും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. അത്രയ്ക്ക് രോഗം ശരീരത്തെ കീഴ്പ്പെടുത്തിയിരുന്നു

എല്ലാ പ്രതീക്ഷയ മറ്റ്രാജേന്ദ്രൻ്റെ മൃതദേഹവുമായി അനുജൻ രവീന്ദ്രൻ കുന്നത്തറയിൽ വീട്ടിൽ വന്നു കയറുമ്പോൾ മാധവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്

നീ എൻ്റെ മകനെ കൊന്നു കൊണ്ടുവന്നു അല്ലേടാ ” മകൻ്റെ അസുഖം എന്തായിരുന്നു എന്ന് ശരിയായി മനസ്സിലാക്കാതെ പോലും ചോദിച്ച ആ ചോദ്യം രവീന്ദ്രൻ്റെ കരൾ പിളർക്കുന്നതായിരുന്നു

പ്രത്യാശ

തെളിഞ്ഞു നിന്നൊരാകാശത്തിൻ 

പ്രഭയിൽ പാറുമ്പോഴാണ് പതിയെ 

കാർമേഘങ്ങൾ ഉരുണ്ടുകൂടിയത്.

അപ്പോഴും അതൊരു പേമാരിയാകുമെന്ന്

നിനച്ചതേയില്ല.

മഴ പെയ്തേക്കാമെന്നൊരു തോന്നലുണ്ടായിട്ടും

എന്തേ ഞാനൊരു തണൽ  തേടീല.

ശിരസ്സിലേറ്റ ആദ്യത്തെ അടി

എന്നെ മരവിപ്പിച്ചു കളഞ്ഞു.

പിന്നെയങ്ങോട്ടുള്ള വർഷത്തിൽ 

വിറങ്ങലിച്ചുപോയി  ഞാൻ.

കൂട്ടുതേടിയില്ല ഞാൻ.

തണൽ തേടിയില്ല ഞാൻ.

ഉഗ്രരൂപിയുടെ താണ്ഡവ മെതിർക്കാൻ

പാഴെന്നറിഞ്ഞു കൊണ്ടൊരു ശ്രമം.

ഒടുവിൽ ആ നിമിഷമെത്തി.

പെരുമഴയത്തൊറ്റക്കായൊരു 

പക്ഷിയെ ആകെ തകർത്തൊരാ നിമിഷം.

ആൾക്കൂട്ടത്തിൽ തനിയെയായൊരാ നിമിഷം.

ഒറ്റപ്പെടലിൻ വേദനയും പേറി 

വിദൂരതയിലേക്ക് കണ്ണയയ്ക്കുമ്പോൾ

അങ്ങകലെ ചക്രവാളത്തിൽ

കാണായ്കയായ് ഒരു പ്രകാശം

പതിയെ പതിയെ അതിൻ ചൂടേറ്റ്

തൂവലുകൾ ഒന്നൊന്നായ് വിടർത്തുമ്പോൾ

പറന്നുയരാനൊരു മോഹം

തകർച്ചയിൽ നിന്നുയിർ കൊള്ളാനൊരു മോഹം.

നിറഭേദങ്ങൾ

” ബെല്ലടിക്കാറായില്ലേ.  എല്ലാവരും വേഗം ക്ലാസ്സിൽ കയറ്”

അന്നമ്മ ടീച്ചറാണ്. ഫസ്റ്റ് ബെല്ലടിച്ചു കഴിയുമ്പോൾ ടീച്ചറുടെ ഒരു റോന്തുചുറ്റൽ പതിവാണ്.

“ദിവ്യ ലക്ഷ്മി എന്താ ഇവിടെ? ഡാൻസ് ക്ലാസ്സിനുണ്ടോ?’

“ഇല്ല ടീച്ചർ.വെറുതെ ഇതു വഴി പോയപ്പോൾ നോക്കി നിന്നെന്നേയുള്ളൂ.”

“ഉം. വേഗം പോയി ക്ലാസ്സിൽ കയറ്’

രാവിലെ 8.30 മുതൽ 9.30 വരെ ബിന്ദുജ ടീച്ചറുടെ ഡാൻസ് ക്ലാസ്സുണ്ട്. ഞാനും കൂടി പൊയ്ക്കോട്ടേ എന്ന് കെഞ്ചി ചോദിച്ചതാണ്.

കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത് ഡാൻസ് കളിച്ചു നടക്കാനാണോ എന്നായിരുന്നു അച്ഛന്റെ ചോദ്യം

ഒന്നാം ക്ലാസ്സുകാരിയുടെ  ദു:ശ്ശാഠ്യമെന്ന് അമ്മ

വീട്ടുജോലിയും കുട്ടികളെ നോക്കലും കഴിഞ്ഞ് ഇതേപ്പറ്റിയൊന്നും ചിന്തിക്കാൻ പോലും അമ്മയ്ക്ക് നേരമില്ല.

അടച്ചിട്ട മുറിയ്ക്കുള്ളിൽ  പാഠഭാഗങ്ങൾ പേർത്തും പേർത്തും വായിക്കുന്നതിനിടയിൽ ചിത്ര ഗീതവും ചിത്രഹാറുമൊക്കെ ടി.വി.യിൽ അരങ്ങു തകർക്കുകയായിരിക്കും. ശ്രദ്ധയെങ്ങാനും ഒന്ന് പാളിയാൽ ഉടൻ ചൂരൽ കഷായത്തിന്റെ കയ്പറിയും

അങ്ങനെ ബാല്യവും കൗമാരവുമൊക്കെ കലയോട് അയിത്തം കല്പിച്ച് കടന്നു പോയി –

പേപ്പർ കച്ചവടക്കാരനിൽ നിന്ന് കിലോയ്ക്ക് 2 രൂപ ചെലവിൽ തൂക്കി വാങ്ങുന്ന പഴയ പൂമ്പാറ്റയും ബാലരമയും ഒക്കെ വെക്കേഷനുകളിൽ വായനയുടെ വസന്തം തീർത്തു.ഡിങ്കനും കപീഷും ലുട്ടാപ്പിയും ശിക്കാരി ശംഭുവുമൊക്ക മനസ്സിന്റെ വള്ളിക്കുടിലിലെ താമസക്കാരായിരുന്നു

പ്രൊഫഷണൽ കോളേജിലെത്തിയപ്പോഴേക്കും  പാട്ടും നൃത്തവുമൊക്കെ മനസ്സിന്റെ പടിയ്ക്ക് പുറത്തായിരുന്നു.

കോളേജിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ അച്ഛന്റെ Orientation class.

“മോളേ.പ്രൊഫഷണൽ കോളേജാണ് .അല്‍പസ്വല്‍പം റാഗിങ്ങൊക്കെ കാണും. സീനിയർ കുട്ടികൾ വല്ല പാട്ടു പാടാനോ ഡാൻസ് ചെയ്യാനോ പറഞ്ഞാൽ നീയങ്ങ് ചെയ്തേക്കണം. ആരോടും എതിർക്കാനൊന്നും നിൽക്കരുത്.”

നടന്നത് തന്നെ……പാട്ടും ഡാൻസും……

അതും ഈ ഞാൻ .ഉള്ളിൽ ചിരിയാണ് വന്നത്

പക്ഷേ ചെന്നു കയറി രണ്ടാം ദിവസം തന്നെ പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. പൂച്ചയെപ്പോലെ പമ്മി പമ്മി നിഷ്കളങ്കതയും ദൈന്യവുമൊക്കെ  മുഖത്ത് വരുത്തി മെസ്സിലേക്ക് കയറി.ഭക്ഷണം എടുത്ത് തിരിഞ്ഞതും വിളി വന്നു.  

സീനിയേഴ്സാണ്.

.അവരുടെ കൂടെ ഇരിയ്ക്കാനാണ് വിളിയ്ക്കുന്നത്.

പേടിച്ചരണ്ട മാൻപേടയെപ്പോലെ മടിച്ച് മടിച്ച് ഒരു കസേരയിൽ ഇരുന്നു

“പോരട്ടെ, പോരട്ടെ പാട്ടോ അതോ മോണോ ആക്ടോ?”

‘അയ്യോ ? എനിക്കതൊന്നും അറിയില്ല “

“അങ്ങനൊന്നും പറഞ്ഞാൽ പറ്റില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ’

“iഇപ്പോൾ പറ്റില്ലെങ്കിൽ നാളെ പഠിച്ചു കൊണ്ടു വന്നാൽ മതി.”

ഹൊ. തൽക്കാലം രക്ഷപ്പെട്ടു. ഇനി നാളെ എന്തു ചെയ്യുമോ ആവോ?

രാത്രി മുഴുവൻ ഒരു നാലു വരി പ്പാട്ടെങ്കിലും ഓർത്തെടുക്കാനുള്ള ഭഗീരഥപ്രയത്നത്തിലായിരുന്നു. രാവിലെ മെസ്സിലേക്ക് കയറിയപ്പോൾ തന്നെ കണ്ണുകൾ നാലുപാടും പരതി.

ഇന്നലത്തെ  ടീമുകൾ ആരെങ്കിലും ഉണ്ടോ?

“നോക്കണ്ട, നോക്കണ്ട ഞങ്ങൾ ഇവിടെ ത്തന്നെ ഉണ്ട്. വാ തുടങ്ങിക്കോ.”

ഒരു പാട്ടിന്റെ വരികൾ തൊണ്ടയിൽ ഉടക്കി നിൽക്കുന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ല.

“എന്താ ഇത്ര താമസം .വേഗമാകട്ടെ “

പതിയെ തുടങ്ങി….

” പത്തു വെളുപ്പിന്

മുറ്റത്ത് നിൽക്കണ കസ്തൂരീമുല്ലക്ക് താലികെട്ട് “

“അയ്യേ ഇതെന്താ പാട്ടു പറയുന്നോ. തന്നോട് പാട്ട് പാടാനാണ് പറഞ്ഞത് ”

വീണ്ടും ശ്രമം തുടങ്ങി.ഒരു രക്ഷയുമില്ല

രാഗവും താളവും സംഗതികളുമൊന്നും പരിസരത്തു കൂടെപ്പോലും പോകുന്നില്ല

അത്രയുമായ പ്പോൾ അവർക്ക് എന്റെ അവസ്ഥ ഏതാണ്ട് പിടി കിട്ടിയെന്ന് തോന്നുന്നു .എന്തായാലും വെറുതെ വിട്ടു

പിന്നീടും സമാന സന്ദർഭങ്ങൾ അരങ്ങേറി.

പക്ഷെ വലിയ പുരോഗമനമൊന്നും എന്റെ കലാജീവിതത്തിൽ ഉണ്ടായില്ല.

അഞ്ച് വർഷത്തെ പഠനത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴും അതേ അവസ്ഥ തന്നെ.

വിവാഹ ശേഷം മോനുണ്ടായി കഴിഞ്ഞപ്പോഴാണ് കഥ മാറിയത്.പ്രസവം കഴിഞ്ഞ് ആദ്യ രണ്ട് മാസങ്ങളിൽ വീട്ടിലായിരുന്നപ്പോൾ ഈണത്തിൽ താരാട്ട് പാടി അമ്മ അവനെ ഉറക്കുമായിരുന്നു.മുരളിയേട്ടന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ താരാട്ട്  കേൾക്കാതെ അവനുറങ്ങാതെയായി. 

നിർത്താതെ കരയുന്ന കുഞ്ഞ് എന്നിലെ അമ്മയുടെ കഴിവുകേടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ അറിയാതെ ചുണ്ടുകളിൽ ഈണം പടർന്നു.

ഓമനത്തിങ്കൾക്കിടാവോ… ….

നല്ല കോമളത്താമരപ്പൂവോ …….

“കാഴ്ചകൾ കണ്ട് നിൽക്കുകയാണോ. വരൂ …അവിടെ ദേവുവിന് മേക്കപ്പിടാറായി “

മഞ്ജു ടീച്ചറാണ്. മോളുടെ ഡാൻസ് ടീച്ചർ

“ഞാനോരോന്നോർത്ത് നിന്നു പോയി. സമയമായോ?”

ജനാല വാതിൽ ചേർത്തടച്ച് ടീച്ചറിനോടൊപ്പം ഗ്രീൻ റൂമിലേക്ക് നടന്നു.

അവിടെ ദേവു  മേക്കപ്പ് ഇടാൻ തയ്യാറായി ഇരിക്കുകയാകും.

ഓരോ തവണയും മേക്കപ്പ്മാന്റെ കരവിരുതിൽ അവൾ നർത്തകിയായി പരകായപ്രവേശം നടത്തുമ്പോൾ  കൗതുക ത്തോടെ നോക്കിയിരിക്കും.ആദ്യമായ് കാണുന്ന പോലെ

മുദ്രകളിലൂടെയും ഭാവപ്പകർച്ചകളിലൂടെയും  അവളിലെ നർത്തകി എപ്പോഴും തന്നെ വിസ്മയിപ്പിക്കുന്നു .

” ദിവ്യ മാഡം വന്നോ. എന്ത് തിരക്കുണ്ടെങ്കിലും അമ്മ ഇങ്ങെത്തുമെന്ന് ദേവു ഇപ്പോ പറഞ്ഞതേയുള്ളൂ.”

“പിന്നല്ലാതെ. ഇന്നിത് കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും “

അമ്പലത്തിലെ ഈ പ്രോഗ്രാമിന് ശേഷം തൽക്കാലം നൃത്ത പഠനത്തിന് വിരാമമിടണമെന്ന ചിന്ത പലപ്പോഴായി അവളിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ആ വിഷയം സംസാരിക്കാൻ വലിയ താൽപ്പര്യം അവൾ കാണിക്കാറില്ല.

പത്താം ക്ലാസ്സിലാണ്  അടുത്ത വർഷം. നൃത്തത്തിനോടുള്ള അഭിനിവേശം പഠനത്തിന് തടസ്സമായാൽ അവിടെയും കുറ്റം അമ്മയ്ക്ക് തന്നെയാവും. ആ ഒരു പരീക്ഷണം വേണോ. മനസ്സിൽ ഇപ്പോഴും കൂട്ടലും കിഴിക്കലും നടക്കുകയാണ്. 

ടീച്ചറോട് ഇന്ന് പരിപാടി കഴിയുമ്പോൾ തന്നെ പറയണം. കാർക്കശ്യത്തിന്റെ മൂടുപടം എടുത്തണിഞ്ഞ് ഗ്രീൻ റൂമിൽ നിന്ന് സദസ്യരുടെ ഇടയിലേക്ക് ലയിച്ചു ചേർന്നു.

” ജഗൻ മോഹന നടന

രാജസഭാ പതിയേ

 “

ദേവു വേദിയിൽ നടന കലയുടെ ഗിരിശൃംഗങ്ങൾ ഓരോന്നായി കീഴടക്കുകയാണ്. കണ്ണിമവെട്ടാതെ ആൾക്കൂട്ടത്തിനിടയിലിരുന്ന് ഈ നടനവൈഭവം സാകൂതം വീക്ഷിക്കുമ്പോൾ സന്തോഷവും ഒപ്പം അഭിമാനവും മനസ്സിൽ തുടികൊട്ടുന്നു. മനസ്സിന്റെ  ഉള്ളറകളിലെവിടെയോ ഒരൊന്നാം ക്ലാസ്സുകാരി  ആനന്ദനൃത്തമാടുന്നു.

        മഞ്ജു ടീച്ചറുടെ കുട്ടികളുടെ പരിപാടിയില്ലാത്ത ഉത്സവം  ഉത്സവമാകുന്നതെങ്ങനെ. അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ചിരിച്ചു കൊണ്ട് നിൽക്കുന്ന ടീച്ചറുടെ അടുക്കലേക്ക് മടിച്ച് മടിച്ചാണ് ചെന്നത്.

വാക്കുകൾ വാചകങ്ങളായി രൂപപ്പെടുന്നില്ല. നിർന്നിമേഷയായി  ടീച്ചറിനെയും ദേവുവിനെയും  നോക്കി

ദേവു സൂചിപ്പിച്ചിരുന്നു……നിർത്തുകയാണല്ലേ……….കണ്ടിരുന്നോ അവളുടെ ഡാൻസ്?

ദേവു വിന്റെ കണ്ണുകളിലുരുണ്ടു കൂടുന്ന നീർത്തുള്ളികൾ പെയ്തിറങ്ങാൻ വെമ്പുന്നു.

ടീച്ചറിന്റെ  മനസ്സിന്റെ ഉദ്വേഗം മുഖത്ത് പ്രകടമാണ്.

ഇനി ഒളിച്ചോടാനാവില്ല. തീരുമാനം എടുത്തേ പറ്റൂ.

“ഇല്ല ടീച്ചർ. നൽക്കാലം നിർത്തുന്നില്ല. അവൾ തുടർന്നും നൃത്തം പഠിക്കട്ടെ. അവൾക്ക് മാനേജ് ചെയ്യാൻ കഴിയും ടീച്ചർ. എനിക്കുറപ്പുണ്ട്” …….അല്ലേ. ദേവൂ” …

വിടർന്ന കണ്ണുകളാലുള്ള ആ നോട്ടത്തിൽ അവളുടെ ആനന്ദാതിരേകം വ്യക്തമായിരുന്നു. ഒന്നല്ല ഒരായിരം ഉറപ്പ് എന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

“ടീച്ചർ കരയുകയാണോ.?”

“അല്ല. സന്തോഷം കൊണ്ടാ”

കണ്ണുകൾ തുടച്ച് ടീച്ചർ ദേവുവിനെ ചേർത്ത് പിടിച്ചു.

അമ്പലപ്പറമ്പിൽ നിന്ന് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ പുറകിലായി ആകാശത്ത് വെടിക്കെട്ടിന്റെ വർണ്ണക്കാഴ്ചകൾ വിസ്മയം തീർക്കുകയായിരുന്നു.. മനസ്സ് ഒരപ്പൂപ്പൻ താടി പോലെ പറന്നുയരുന്നു ജീവിതത്തിന്റെ നിറഭേദങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് ആവേശം പകരുന്നത് താനറിഞ്ഞു …………… 

.

യവനിക

    ” എന്തായി,  എല്ലാവരും എത്തിയില്ലേ?   ഇപ്പോൾ തന്നെ സമയം വൈകി.”

  ലോനപ്പൻ ചേട്ടനാണ്. രാഗലയ നാടക സമിതിയുടെ പ്രൊപ്രൈറ്റർ കം കോ-ഓർഡിനേറ്റർ. വയസ്സ് 70 ആയെങ്കിലും നാടകം ഉപേക്ഷിക്കാൻ ഇപ്പോഴും തയ്യാറല്ല. വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തിനിടെയും “രാഗലയ” ത്തിന് വേറിട്ട ഒരു സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

    രംഗബോധമില്ലാത്ത ഒരു കോമാളിയായി മരണം സീനിൽ നിന്ന് തന്റെ എല്ലാമെല്ലാമായ ശോശാമ്മയെ തട്ടിയെടുത്തെങ്കിലും ജീവിതത്തോട് പൊരുതാനുറപ്പിച്ചു തന്നെയായിരുന്നു ലോനപ്പൻ ചേട്ടന്റെ ഓരോ നീക്കങ്ങളും. 

    ഒരു ഫീനിക്സ്  പക്ഷിയെപ്പോലെ കാലത്തിനൊത്ത് പറന്നുയർന്നു. നിരാശകളേയും ദുഖങ്ങളേയും കുടഞ്ഞെറിഞ്ഞു.  അദ്ദേഹത്തിന്റെ രാഗലയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷം പത്തായി. ജീവിതവഴിയുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടയിൽ കൈത്താങ്ങാവുന്നത് രാഗലയമാണ്. 

    നല്ല ശിൽപ്പിയുടെ കയ്യിലെത്തുന്ന കല്ലുപോലെയാണ് ഇവിടെ ഓരോരുത്തരും. മനസ്സർപ്പിച്ച് പ്രവർത്തിച്ചാൽ ഓരോ കല്ലും ശിൽപ്പമാകും. പക്ഷെ എന്തുകൊണ്ടോ ചിലർ അവസരങ്ങളെ ഉപയോഗിക്കുന്നു. ചിലർ യാന്ത്രികമായി ആടിത്തീർക്കുന്നു. മനോധർമ്മം പ്രയോഗിക്കുന്നവർക്ക് ചിലപ്പോഴെങ്കിലും ചില പാരകളെയും നേരിടേണ്ടി വരുന്നു എന്നതാണ് സത്യം. അത് പിന്നെ അങ്ങനെയല്ലേ വരൂ. “മാങ്ങയുള്ള മാവിലല്ലേ ഏറു കിട്ടൂ .” 

    “രേണുക രാവിലെ തന്നെ ഉറക്കത്തിലാണോ? ഏയ് അല്ല. ഓരോന്ന് ആലോചിച്ച് കണ്ണടച്ചിരുന്നു പോയതാ. 

“ശരി, ശരി, നടക്കട്ടെ.”

മോഹനൻ ചിരിച്ചു കൊണ്ട് തന്റെ സ്ഥിരം സീറ്റിലേക്ക് നീങ്ങി .

    രേണുക വീണ്ടും തന്റെ ചിന്തകളാകുന്ന കനലുകൾക്ക് തീ പകരാൻ തുടങ്ങി. ജീവിതപ്രാരാബ്ധങ്ങളുടെ ഇടയിലും അവൾക്ക് മാത്രമായൊരു സ്വപ്നമുണ്ട്.  പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുമായുള്ള മൽപ്പിടുത്തത്തിനൊടുവിൽ പലപ്പോഴും തിരശീലയ്ക്ക് പിന്നിലേക്കൊതുങ്ങുന്ന സ്വപ്നം. 

    ആൾക്കൂട്ടത്തിൽ തനിയെയാകുന്ന ചില നിമിഷങ്ങളിൽ രേണുക ആ സ്വപ്നത്തേരേറി അനന്തവിഹായസ്സിലേക്ക് പറക്കാറുണ്ട്. അവിടെ അവൾ ലോകം അറിയുന്ന കലാകാരിയാണ്. സ്വന്തം കഴിവി’നാൽ പേരും, പ്രശസ്തിയും സമ്പത്തും സ്വായത്തമാക്കിയവൾ.തലയുയർത്തിപ്പിടിച്ച്പട്ടുപരവതാനിയിലൂടെ  നടന്നുനീങ്ങുന്നതിനിടയിലായിരിക്കും ചിലപ്പോൾ തലകുത്തനെ കീഴോട്ട് പതിക്കുന്നത്. പത്താം നമ്പർ കോളനിയിലെ രണ്ടുമുറി വീട്ടിലെ സുരക്ഷിതത്വത്തിലേയ്ക്ക് അവൾ വീണ്ടും പറന്നിറങ്ങും. ഇതിപ്പോൾ ഒരു സ്ഥിരം സംഭവമായിട്ടുണ്ട്. അതോർത്തപ്പോൾ തന്നെ ഒരു ചിരി  ചുണ്ടിൽ ഊറിക്കൂടി.

അവളുടെ കല ഒരു വരദാനമായി ഈശ്വരൻ കനിഞ്ഞുനൽകിയതാണെന്ന് മനസ്സിലായപ്പോൾ മുതൽ കല കൊണ്ട് ജീവിക്കുക എന്ന ആഗ്രഹം മനസ്സിലുറച്ചതാണ്. ആ ചിന്ത തന്റെ സ്വപ്നത്തിലേക്ക് പാത തെളിക്കുമെന്ന വിശ്വാസം ഓരോ ചുവടുവെപ്പിലും  ഉണ്ടായിരുന്നു.  നാടറിയുന്ന ഒരു കലാകാരിയാകുക എന്ന കനൽ ഉള്ളിൽ ജ്വലിക്കുന്നത് കൊണ്ടാകും എന്ത് കാര്യവും വ്യത്യസ്തമായി ചെയ്യാനുള്ള ഒരാഗ്രഹം ഇപ്പോഴും കൂടെയുണ്ട്. പക്ഷെ മനസ്സ് ഒഴിവുകഴിവുകളുമായി ഒളിച്ചുകളി നടത്താൻ തുടങ്ങിയിട്ട് നാളേറെയായി.

    ഇന്നത്തെ യാത്ര പുല്ലാഞ്ഞിമേട്ടിലേക്കാണ്. ആ പേര് കേട്ടപ്പോൾ തന്നെ ഒരു ഗൃഹാതുരത്വം. ഈ യാത്ര എന്തിനൊക്കെയോ നിമിത്തമാകുമെന്നൊരു തോന്നൽ.

    തണുത്ത കാറ്റ് മുഖത്തേയ്ക്ക് അടിച്ചു തുടങ്ങിയപ്പോഴാണ് രേണുക ഉണർന്നത്. 

    “സ്ഥലം എത്താറായി. എല്ലാവരും റെഡിയായിക്കോ —“

    ലോനപ്പൻ ചേട്ടൻ അന്നൗൺസ്‌മെന്റ് തുടങ്ങിയിട്ടുണ്ട്.

    യവനിക ഉയരും മുൻപേ എല്ലാം ഒന്നുകൂടി ചിട്ടപ്പെടുത്തണം. രേണുകയിൽ നിന്നും സബ്കളക്ടർ ജയന്തിയിലേയ്ക്ക് പരകായ പ്രവേശം  നടത്തണം.

 യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും പറയാനും പ്രവർത്തിക്കാനാകാത്തത്കഥാപാത്രങ്ങളിലൂടെയെങ്കിലും സാധ്യമാകുമ്പോൾ അനുഭവവേദ്യമാകുന്ന അനുഭൂതി  അനിർവ്വചനീയം തന്നെ.

ഈ പരകായപ്രവേശം രേണുകയിലെ സ്ത്രീയ്ക്ക് മനോധൈര്യം പകർന്നു തന്നിട്ടില്ലേ? 

    ‘ഉണ്ട്’ എന്ന് നൂറുവട്ടം ഉറപ്പിച്ചു പറയാൻ കഴിയും.

    ഓരോ നാടകവും ഓരോ പാഠപുസ്തകമാണ്. പല പല ജീവിതങ്ങളിലൂടെയും ഉയർച്ചതാഴ്ചകളിലൂടെയും കയറിയിറങ്ങാനുള്ള പാഠപുസ്തകം. മുഖംമൂടികളും ആവരണങ്ങളും അഴിഞ്ഞു വീണാലും പരകായ പ്രവേശത്തിന്റെ നിഴൽപ്പാടുകൾ അവിടെ ബാക്കിയാകുന്നു, അടുത്ത വേദിയിലേക്കുള്ള ഊർജ്ജത്തിനായി. …

    രേണുക ഒരുങ്ങുകയാണ്. സബ് കളക്ടർ ജയന്തിയായി അടുത്ത മണിക്കൂറുകളിൽ ജീവിക്കുവാൻ.

 ഒരു കള്ളച്ചിരി ആ കൺകോണുകളിൽ ഉയിർപൂണ്ടത് ആരുമറിഞ്ഞില്ല-ചുണ്ടുകളിൽ ഉയിർക്കൊണ്ടതും.

“മകനേ നിനക്കായ് ” ….

പ്രണയവല്ലരിയിലാദ്യം വിടർന്നോരു കുസുമം
പേറ്റുനോവിന്നാഴവുംമാതൃത്വത്തിൻ നിർവൃതിയും
എനിക്കേകിയീശൻ നീയാം
ജന്മപുണ്യത്തിലൂടെ

കാൽ വളരുന്നോ കൈവളരുന്നോ
യെന്നുറ്റുനോക്കിയൊരാദിനങ്ങൾ
ഓർക്കുമ്പോളോരുൾപ്പുളകം
പകരം വെയ്ക്കാനാവാത്തൊരാനന്ദം

കുഞ്ഞിക്കൈവീശീ നീ
കൊച്ചരിപ്പല്ലുകൾ കാട്ടി നീ
കുഞ്ഞിക്കാൽ പിച്ചവെയ്ക്കവേ
കാവലായ് നിന്നമ്മ ചാരെയെന്നും

ഇന്നെനിക്കൊപ്പം നീയെൻ
മകനായ്‌, സുഹൃത്തായ്
എങ്കിലും സ്നേഹത്തിൻ
വാക്കുകളിലോതിടട്ടേ നിന്നോട്

സ്നേഹിക്കുക നീ നിൻ സോദരിയെ,
സ്നേഹിക്കുക നീ നിൻ സോദരനെ,
ചെയ്തീടൊല്ലെരുതാത്തതൊന്നും
നിൻ സഖാക്കളോട്,നിൻ സഖികളോട്

കരുതുക മനസ്സിലെന്നും
സോദരീ സ്ഥാനം നിൻ സഖികൾക്ക്
ചെയ്തീടൊല്ലെ നിൻ സഖികളോട്
നിന്നമ്മയോടും സോദരിയോടും ചെയ്യാത്തതൊന്നും

കരുതലുണ്ടാവണമൊരു
നോട്ടത്തിൽ പോലും
നിൻ സോദരിക്കുള്ള
കരുതൽ സഖികളോടായ്

നല്ലൊരു മകനാകേണം
നല്ലൊരു സോദരനാകേണം
കാത്തു വെയ്ക്കണം നിൻ സ്വഭാവശുദ്ധി
നിൻ വരും കാല നല്ല പാതിയ്ക്കായ്

അമ്മയെ സ്നേഹിക്കും മകനെന്നും
നല്ലൊരു സോദരനാകും
നല്ല കുടുംബസ്ഥനാകും
നല്ലൊരു സുഹൃത്താകും

ഓർക്കുക നീയീ വചനങ്ങൾ
ഹൃത്തിലേറ്റുക അമ്മ തന്നീ മൊഴികൾ
നല്ലൊരു നാളേയ്ക്കായ്
ശോഭനമാം ഭാവിക്കായ്

വിചാരണ

അമ്മേ……. എന്നൊരാർത്തനാദമെൻ
കർണ്ണങ്ങളെ പൊള്ളിക്കുന്നു.
ഹൃത്തിലൊരു പിടി കനൽ കോരിയിടുന്നു.
മാതൃത്വം ഇവിടെ പ്രതിക്കൂട്ടിലോ?

അമ്മ തന്നുദരത്തിൽ
അങ്കുരിച്ചൊരാ ജീവൻ
പാറക്കെട്ടിൽ തട്ടിച്ചിതറുമ്പോൾ
അവസാനമായ്നാവനക്കിയതും
അമ്മേ എന്നൊരു വിളിക്കാവില്ലേ

അമ്മയെന്നൊരാ സത്യം
പ്രതിക്കൂട്ടിലേറുമ്പോൾ
ചിന്തിച്ചിടുവിൻ തെളിവാർന്നൊരുചിത്തത്തോടെ,തെറ്റിയതെവിടെയെന്ന്.

സുഖത്തിൻ
പട്ടുമെത്തയിലുറങ്ങും
ബാല്യങ്ങൾ
വലക്കണ്ണികൾ നെയ്ത് നെയ്ത്
ദൂരേക്കെത്തും കൗമാരങ്ങൾ

കാണുന്നില്ലവരൊന്നും
കേൾക്കുന്നില്ലവരൊന്നും
കൺമുന്നിലെ ജീവിതങ്ങളെ ,
സുഖങ്ങൾക്കായുള്ള ത്യാഗങ്ങളെ

പ്രണയത്തിൻ മധുരം നുകർന്നു
തീരും മുൻപേ വീണുടയുംജീവിതങ്ങൾ
ജീവിതമാം പളുങ്കുപാത്രത്തെ
കാത്തുസൂക്ഷിക്കാനറിയാതെ
എറിഞ്ഞുടയ്ക്കുകയായ്

സുഖങ്ങളിലൂടെ മാത്രം
നടന്നവരടി പതറുകയായ്
ചെറിയ നൊമ്പരം
പോലും അസഹ്യം
സ്വന്തം ചോരയ്ക്കു വേണ്ടിപ്പോലും
ത്യാഗങ്ങൾ അസംഭവ്യം

വലിച്ചെറിയുകയായ് പിന്നെ
ഒഴിവാക്കുകയായ് പ്രതിബന്ധങ്ങളെ
വലക്കണ്ണികൾ നെയ്ത് നെയ്ത്
വീണ്ടും പായുകയായ്
നാശത്തിൻ നിലയില്ലാക്കയത്തിലേക്ക്

അറിഞ്ഞീടണം മക്കൾ സുഖവും ദുഃഖവും
അറിഞ്ഞീടണം വിയർപ്പിൻ വില
വളർത്തീടല്ലേ രാജകീയമായ്
വിരിച്ചീടില്ലേ പട്ടുമെത്ത
കൂർത്തൊരാമുള്ളുകൾക്ക് മേൽ

പാകപ്പെടട്ടെ പൊന്നുമക്കൾ
കാരിരുമ്പായ് തീരട്ടെ മനം
മുന്നേറട്ടെ ധീരതയോടെ
സ്നേഹത്തിൻ നീരുറവകൾ
പ്രവഹിക്കട്ടെ അനസ്യൂതം

കാവലായ്‌ നാമുണ്ടാവണം
കൈയെത്തും ദൂരത്ത്
മാറോട് ചേർത്തൊന്നണയ്ക്കുവാൻ
ധൈര്യം പകർന്നു നൽകാൻ
മാതൃത്വം പ്രതിക്കൂട്ടിലാവാതിരിക്കുവാൻ

നിഴലുകൾ മായുമ്പോൾ

                           

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….അനൗൺസ്മെന്റ് തുടങ്ങി.

എത്രാമത്തെത്തവണയാകും ഇത്  കേൾക്കുന്നത്. 

“കാക്കത്തൊള്ളായിരം ” എന്ന വാക്ക് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയാവും കണ്ടെത്തിയത്.

ആർക്കറിയാം.. എന്തായാലും ട്രെയിൻ യാത്രയെപ്പറ്റി ഓർക്കുമ്പോഴേ മനസ്സിൽ വരുന്നത് ഈ ശബ്ദം തന്നെ.

ചില ശബ്ദങ്ങളും ഗന്ധങ്ങളും തനതായ ഓർമ്മകൾ തരുന്നു

 ഇൻഡ്യൻ റെയിൽവേയെ പറ്റി ഓർക്കുമ്പോൾ നാസാരന്ധ്രങ്ങളിൽ പ്രാവിൻ കാഷ്ഠത്തിന്റെ ഗന്ധം നിറയുമായിരുന്ന ഒരു

 കാലമു ണ്ടായിരുന്നു,.ജനശതാബ്ദിയെ പ്പോലെയുള്ള ട്രെയിനുകളുടെ വരവോടെ സുഖകരമായ ചില ഗന്ധങ്ങൾ  ഓർമ്മയിൽ ചേക്കേറി.

            ജീവിതം ഒരു തീവണ്ടി യാത്രപോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ യാത്രയ്ക്കിടയിൽ പലരെയും കണ്ടുമുട്ടുന്നു ചിലരുമായി കൂടുതൽ നാൾ ഇടപഴകുന്നു. ചിലരാകട്ടെ ഒരു വാക്കു പോലും മിണ്ടാതെ ഇടയ്ക്കെവിടെയോ ഇറങ്ങിപ്പോകുന്നു പിന്നീടെന്നെങ്കിലും ഒരിക്കൽ കണ്ടെങ്കിലായി കണ്ടില്ലെങ്കിലായി. ചിലരൊക്കെ എവിടെയോ എങ്ങനെയോ ജീവിക്കുന്നുവെന്ന് കരുതാറില്ലേ. അതിന് അപവാദമായ  ഒരു സംഭവത്തിലൂടെ മണിക്കൂറുകൾക്ക് മുൻപ് കടന്നു പോയതിന്റെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല.

സർക്കാർ ജോലിയുടെ മാധുര്യവും പേറി ചെന്നെത്തിയത് ഒരു ഹൈറേഞ്ചിൽ. രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി ഉദ്യോഗവും ജീവിതവുമായി പയറ്റു തുടങ്ങിയപ്പോഴാണ് ഇത് വിചാരിക്കും പോലെ അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്.

 ഉടുത്തൊരുങ്ങി  ജോലിക്ക് പോകുന്ന സ്ത്രീകളെ കാണുമ്പോൾ മുൻപ് മനസ്സിൽ പറഞ്ഞിട്ടുണ്ട്. 

“ഹോ. അവരുടെ ഒക്കെ ഒരു ഭാഗ്യം. എന്നും രാവിലെ ഒരുങ്ങിയങ്ങ് പോകാമല്ലോ. എന്തൊരു സുഖം .”

ഇപ്പോഴല്ലേ മനസ്സിലായത് സാധാരണ വീട്ടമ്മമാർ രാവിലെ മുതൽ വൈകുന്നേരം വരെ സമയമെടുത്ത് ചെയ്യുന്ന ജോലികൾ ഒരു മായാജാലക്കാരിയുടെ കൈയടക്കത്തോടെ  മണിക്കൂറുകൾ കൊണ്ട് തീർത്ത് അടുത്ത അങ്കത്തിനായുള്ള ഓട്ടത്തിലാണവരെന്ന്. അതിനിടയിൽ മനസ്സു തുറന്നുള്ള ചിരികളും തമാശകളുടെയും മാലപ്പടക്കം പൊട്ടുന്നത് തീവണ്ടി കമ്പാർട്ട്മെന്റുകളിലാണെന്ന് മാത്രം.തിരിച്ച് വീട്ടിലെത്തിയാൽ ഒന്ന് വിശ്രമിക്കാൻ കൂടി നിൽക്കാതെ വീണ്ടും കുടുംബത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടിറങ്ങുകയായി. ആകെ ഒരു ഗുണമുള്ളത് കുത്തുവാക്കുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയാകാൻ കുറച്ച് സമയമേ മറ്റുള്ളവർക്ക് ഇവർ കൊടുക്കുന്നുള്ളൂ എന്നതാണ്. പക്ഷേ ആ സമയം കൊണ്ട് തന്നെ ഉദ്യോഗസ്ഥയോടുള്ള അസഹിഷ്ണുത ആവോളം പ്രകടിപ്പിക്കപ്പെട്ടിരിക്കും.

ജീവിത വഴിയിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ മാറിയും മറിഞ്ഞും വരുമ്പോൾ മനസ്സ് ഒരു വിദൂഷകനെപ്പോലെ ഒരു തീം സോങ്ങ് അങ്ങ് പാടിത്തരും

“സ്ത്രീജന്മം പുണ്യജന്മം. “

പണ്ടെങ്ങോ ഹിറ്റായ ഒരു സീരിയലിന്റെ ടൈറ്റിൽ സോങ്ങ്.

ഇതുമാത്രമെന്താണാവോ എപ്പോഴുംമനസ്സിലേക്കോടിയെത്തുന്നത്.

അങ്ങനെ ഒരു പുണ്യജന്മമായി സ്വയം അവരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മെഹറുന്നീസയെ പരിചയപ്പെടുന്നത്.

“മെഹറുന്നീസാ ബീഗം “

പേരു പോലെ സുന്ദരമായ ഒരു രൂപമായിരുന്നു അവൾക്ക്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ മരുമകൾ.

 അടുത്ത വീട്ടിലെ സർക്കാരുദ്യോഗസ്ഥയെ പരിചയപ്പെടാനുള്ള അവളുടെ ഉദ്വേഗം ഞങ്ങളെ സുഹൃത്തുക്കളാക്കി.

രണ്ടാൾക്കും ഒരു വയസ്സുള്ള ഓരോ പെൺമക്കളുണ്ട് എന്നതായിരുന്നു ഞങ്ങൾ തമ്മിലുള്ള സാമ്യം. 

ഇവിടെ മിന്നുവും അവിടെ സോഫിയും.

ഭക്ഷണക്കാര്യത്തിൽ മിന്നുവും സോഫിയും ഒരു പോലെ തന്നെ. രാവിലത്തെ ഭഗീരഥപ്രയത്നത്തിനിടയിൽ സമയം വൈകുന്തോറും എന്റെ മനസ്സിൽ വേവലാതി തുടങ്ങും. മെഹറുവാകട്ടെ അപ്പോൾ വളരെ ശാന്തമായി പൂച്ചയെയും പൂക്കളെയും ഒക്കെ കാണിച്ച് സോഫിയക്ക് അവൾക്ക് ഇഷ്ടമുള്ള പത്തിരി പാലിൽ കുതിർത്ത് കുഞ്ഞിളം ചുണ്ടുകൾക്കിടയിൽ തിരുകുകയായിരിയ്ക്കും.ഈ കാഴ്ച എന്നിലെ അക്ഷമയായ അമ്മയെ കുറച്ചൊന്നു മാറ്റിയെടുത്തിട്ടുണ്ട്. 

ദിവസങ്ങളും മാസങ്ങളും കടന്നു പോയതറിഞ്ഞില്ല. 

ആഗ്രഹിച്ചതു പോലെ രണ്ട് വർഷത്തിനൊടുവിൽ സ്വന്തം നാട്ടിലേക്കൊരു സ്ഥലം മാറ്റം. എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ മനസ്സ് എന്തിനെന്നറിയാതെ ഒന്നു തേങ്ങി. സോഫിയുടെ കൈയ്യും പിടിച്ച് നിൽക്കുന്ന മെഹ്റുവിന്റെ രൂപം ഏറെക്കാലം കണ്ണിൽ നിന്ന് മാഞ്ഞിരുന്നില്ല.

സോഷ്യൽ മീഡിയ രംഗപ്രവേശം ചെയ്തിട്ടില്ലാത്ത കാലത്തെ ബന്ധങ്ങളായതുകൊണ്ടാകും പിന്നീടുള്ള നാൾവഴികളിലൊന്നിലും മെഹ്റുവിനെ കണ്ടതുമില്ല ,കേട്ടതുമില്ല.

അങ്ങനെയിരിക്കെയാണ്  ഔദ്യോഗികാവശ്യത്തിനായി  ഒരു യാത്ര വീണു കിട്ടിയത്. 10 വർഷത്തിന് ശേഷം വീണ്ടും മലമടക്കുകളുടെ നാട്ടിലേക്ക്.

സ്ഥലമടുക്കുന്തോറും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു .

പഴയ സുഹൃത്തുക്കളെയൊക്കെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ എന്തൊരാനന്ദമായിരുന്നെന്നോ!

മെഹ്റുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും നേരം സന്ധ്യയാകാറായിരുന്നു.

“അയ്യോ ഇതാര്. എത്ര നാളായി കണ്ടിട്ട്?”

സബീനാത്തയാണ് ,മെഹ്റുവിന്റെ അമ്മായി അമ്മ.

വളരെക്കാലമായി കാത്തിരുന്ന ബന്ധുവിനെയെന്നോണം സബീനത്താത്ത ഓടി വന്നെന്റെ കരം  പിടിച്ചു. സ്വീകരിച്ച് അകത്തേക്കിരുത്തി. സൽക്കാരത്തിനുള്ള ഒരുക്കത്തിനിടയിൽ തന്നെ താത്തയുടെ കുശലാന്വേഷണവും തുടങ്ങി. ഇടയ്ക്ക് ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ ഞാൻ അവസരം കളഞ്ഞില്ല.

“സബീനാത്താ സോഫി എവിടെ ? 

അവൾ എത്രാം തരത്തിലായി?

“ഓളിപ്പോ എട്ടാം ക്ലാസ്സിലായി. ട്യൂഷനു പോയിരിക്കുകയാ. ഇപ്പോ വരും.”

മെഹ്റൂനെ കണ്ടില്ലെല്ലോ .എവിടെപോയി.? ഇവിടെയില്ലേ?

അവർക്ക് എത്ര കുട്ടികളായി?

പെട്ടെന്ന് സബീനാത്തയുടെ മുഖത്തെ ചിരി മാഞ്ഞു.

“അല്ലാ ….ങ്ങളൊന്നും അറിഞ്ഞിരുന്നില്ലേ?

“ഓള് മരിച്ചു പോയി. ഇപ്പോ 6 വർഷമാകണു. “

എന്തു പറയണമെന്നറിയാതെ ഞെട്ടിത്തരിച്ച് നിൽക്കുന്നതിനിടെ സബീനാത്തയുടെ വാക്കുകൾ കാതിൽ വന്നലച്ചു.

“ഓൾക്ക് ടി.ബി ആയിരുന്നു. കുറെ ചികിത്സിച്ചു. എല്ലാം മാറിയതായിരുന്നു. മരിക്കുമ്പോൾ അവൾ 7 മാസം ഗർഭിണിയായിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോ അൻവർ  വേറെ കല്യാണം കഴിച്ചു. അവർക്ക് ഇപ്പോളൊരു  ആൺകുട്ടിയുണ്ട് .

“എന്റെ ദൈവമേ. എന്തായി കേൾക്കുന്നത് .?

6 വർഷത്തിനു മുൻപ് മരിച്ചു പോയ ഒരാളെ കാണാനാണോ ഞാൻ ഓടിയെത്തിയത്?”

മനസ്സ് ഒരു നെരിപ്പോടായതു പോലെ, …

 ഒന്നും മിണ്ടാനാവുന്നില്ല. ഒന്നു കരയാൻ പോലുമാകുന്നില്ല.

സബീനാത്തയുടെ കൈ മുറുകെ പിടിച്ചമർത്തി തിരിഞ്ഞ് നടക്കുമ്പോൾ പിറകെ ആ ശബ്ദം കേൾക്കാമായിരുന്നു.

“ങ്ങൾക്ക് സോഫിയെക്കാണണ്ടേ .ഓളിപ്പോ വരും”

അവളോട് ഞാനിനി എന്തു പറയാൻ.? മനസ്സു മന്ത്രിച്ചു. 

ഗേറ്റു കടന്ന് ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ തലയിൽ തട്ടമിട്ട വെളുത്ത് കൊലുന്നനെയുള്ള ഒരു പെൺകുട്ടി റോഡിന്റെ ഓരം  ചേർന്ന്  നടന്നു വരുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിലേക്ക് ഞാൻ സൂക്ഷിച്ച് നോക്കി. സുറുമയെഴുതിയ ആ കണ്ണുകളിലെ പിടച്ചിൽ ഞാൻ തിരിച്ചറിഞ്ഞു. പേടിച്ചരണ്ട ഒരു മാൻപേടയുടെ അരക്ഷിതബോധം അവളുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു.

അതെ. ഇത് അവൾ  തന്നെ .മെഹ്റുവിന്റെ സോഫിയ.

                     തന്നെ തുറിച്ച് നോക്കുന്ന അപരിചിതയിൽ നിന്ന്‌ ഓടിയൊളിക്കാനെന്നോണം അവൾ നടത്തത്തിന്റെ വേഗം കൂട്ടി .

രാത്രി ട്രെയിനിനായി  റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് മെഹറുന്നീസയും സോഫിയും ആയിരുന്നു.

 നിഴലില്ലാതെയായ പാവം മെഹറുന്നീസ .

പെട്ടെന്ന് വീട്ടിലെത്തി മിന്നുവിനെ കെട്ടിപ്പിടിച്ച് നെറുകയിൽ ഒരുമ്മ കൊടുക്കാൻ മനസ്സ് വെമ്പൽ പൂണ്ടു.

         സ്ത്രീ ജന്മം അത്ര മോശമൊന്നുമല്ല. അമ്മയാകാനും മകളാകാനുമുള്ള അവസരം ദൈവം നീട്ടിത്തരുവോളം കാലം

അത് പുണ്യജന്മം തന്നെയാണ്. മായുന്ന നിഴലുകൾ കാലത്തിന്റെ അനിവാര്യതയാണെങ്കിലും വൃഥാ മോഹിച്ചു പോകുന്നു,

നിഴലുകൾ മായാതിരുന്നെങ്കിൽ.

നിലാവ് പെയ്യുന്ന വഴികളിലൂടെ                                                അധ്യായം-രണ്ട് 

        മാധവനും പങ്കജാക്ഷിയും

കുന്നേത്തറയിൽ മാധവൻ്റെ ഭാര്യയായി വലതുകാൽ വെച്ച് കയറി വന്നവളാണ് പങ്കജാക്ഷി.പേരു പോലെ തന്നെ സുന്ദരി

ഗോതമ്പിൻ്റെ നിറവും കറുത്തിടതൂർന്ന കേശഭാരവുമുള്ള ഒരു സുന്ദരി.

ബാല്യ വിവാഹം പ്രചാരത്തിലായിരുന്ന കാലമായതിനാൽ വിവാഹിതനാകുമ്പോൾ മാധവന് പ്രായം 18, പങ്കജാക്ഷിക്ക് പ്രായം 13ഉം

മേനാത്തേരിൽ വളാലിൽ കുടുംബാംഗമായിരുന്നു പങ്കജാക്ഷി. ആളൊരു മിടുമിടുക്കി തന്നെയായിരുന്നു. മാധവനാകട്ടെ സ്വതവേ പതിഞ്ഞ സ്വഭാവവും

ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു മാധവൻ.ജീവിതത്തെപ്പറ്റി വലിയ ദീർഘവീക്ഷണമൊന്നുമില്ലാതെ പോകുന്നതു പോലെ പോകട്ടെ എന്ന് കരുതുന്ന ഒരാൾ.

എന്നാൽ പങ്കജാക്ഷിയമ്മയ്ക്ക് തൻ്റെ ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണകളുണ്ടായിരുന്നു. ആകുലതകളും.

മാധവൻ അക്കാലത്ത് ജ്യേഷ്ഠൻ കേശവനുമായി ചേർന്ന് കരുപ്പട്ടി വ്യാപാരം നടത്തിവരുകയായിരുന്നു. പിൽക്കാലത്ത് കേശവൻ്റെ ശമ്പളം പറ്റുന്ന വെറുമൊരു ജോലിക്കാരനായി മാധവൻ മാറി.

പതിയെ പതിയെ കുടുംബഭാരം പങ്കജാക്ഷിയുടെ ചുമലുകൾക്ക് കനം കൂട്ടാൻ തുടങ്ങി

ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ ആ ദാമ്പത്യവല്ലരിയിൽ ആദ്യ കുസുമം വിടർന്നു.രാജേന്ദ്രൻ

തൊട്ടു പിന്നാലെ രവീന്ദ്രൻ, ചന്ദ്രൻ , ഇന്ദിര, ബാബു എന്നിവരും

അവർ അഞ്ചു പേരെയും വളർത്തിയെടുക്കുന്ന കാലം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു

കൂനിൻമേൽ കുരുപോലെ മാധവൻ്റെ ലാഘവഭാവം കൂടി ആയപ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത പങ്കജാക്ഷിയമ്മയ്ക്ക് എടുത്തണിയേണ്ടിവന്നു. കുടുംബത്തിലെ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം ഇതൊന്നും മാധവനെ ബാധിക്കുന്ന പ്രശ്നമേയല്ലായിരുന്നു.

മാധവന് കിട്ടുന്ന ചെറിയ വരുമാനത്തിൻ്റെ ഒരു ഭാഗം വീട്ടു ചെലവിന് ഏൽപ്പിച്ചു കഴിഞ്ഞാൽ തീർന്നു ഒരു മാസത്തെ ചെലവിൻ്റെ ഉത്തരവാദിത്വം.

ഭർത്താവിൻ്റെ ഉത്തരവാദിത്വമില്ലായ്മ പങ്കജാക്ഷിയമ്മയിൽ അയാളോടുള്ള വിദ്വേഷമോ വാശിയോ ഒക്കെ ആയി വളരാൻ തുടങ്ങി.

ഒറ്റയ്ക്ക് ഒരു തെങ്ങിൻ കുറ്റി മുഴുവൻ മാന്തിയെടുക്കുമായിരുന്നത്രേ അവർ.കയർ പിരിക്കാനും തൊണ്ടു തല്ലാനുമുൾപ്പടെ ആണുങ്ങൾ ചെയ്യുന്ന ജോലികളുൾപ്പടെ ചെയ്യാൻ പങ്കജാക്ഷിയമ്മ ഒരുക്കമായിരുന്നു.

ആൺമക്കൾ നാലുപേരും അവരാലാകുന്നത് പോലെ അമ്മയെ സഹായിച്ച് പോന്നു.പതിയെ പതിയെ ആ കുടുംബം പുരോഗതിയുടെ പാതയിലേക്കെത്താൻ തുടങ്ങി.

ആൺ മക്കളുടെ സ്വഭാവ രൂപീകരണത്തിൽ അച്ഛൻമാരുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ അത് എന്തൊക്കെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിൻ്റെ .ഉത്തമ ദൃഷ്ടാന്തമായിരുന്നു മൂത്ത മകൻ രാജേന്ദ്രൻ.

തുടരും ….

ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ …..

നിലാവ് പെയ്യുന്ന വഴികളിലൂടെ-അധ്യായം-ഒന്ന്

           പിന്നിട്ട വഴികളിലെ ഓരോ സംഭവങ്ങളും കോർത്തിണക്കി ഒരു അനുഭവകഥ എഴുതണമെന്ന് വിചാരിച്ചിട്ട് കുറേ നാളായി. പഠിച്ചിരുന്ന കാലത്തൊന്നും ചരിത്രം ഇഷ്ട്ര വിഷയമായിരുന്നില്ല.  എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ പഴയ കാര്യങ്ങൾ അറിയുന്നതിൽ ജിജ്ഞാസയേറി

ഇടക്കൊന്ന് എഴുതി തുടങ്ങിയതുമാണ്. അപ്പോഴാണ് വിധി ഒരു കൊടുങ്കാറ്റായി ഞങ്ങൾക്കു മേൽ ആഞ്ഞടിച്ചത്.

തെല്ലു നീണ്ടാരു ഇടവേളക്ക് ശേഷം വീണ്ടും മനസ്സിന് ഒരു റിവേഴ്സ് ഗിയറിടൽ.

കിലുക്കാം പെട്ടിയെപ്പോലെ ,പൂമ്പാറ്റയെപ്പോലെ എല്ലായിടത്തും പാറി നടന്ന ഒരു കുട്ടിക്കാലം. 

അച്ഛന്റെ കുടുംബത്തിലെ ആദ്യ കൺമണി

അതു കൊണ്ട് അവിടെയായിരുന്നു കൂടുതൽ താരപരിവേഷം

കുന്നേത്തറയിൽ വീട്

അതായിരുന്നു എന്റെ അച്ഛൻ വീട്. 

ഇതെന്താ ഈ വീടിന് ഈ പേര്?

നല്ല പേര് വല്ലതും ഇട്ടു കൂടായിരുന്നോ. 

പലപ്പോഴും കുഞ്ഞായിരുന്നപ്പോൾ ആരോടെന്നില്ലാതെ ചോദിച്ചിട്ടുണ്ടത്രേ.

അവ്യക്തമായി മാത്രം മനോമുകുരത്തിൽ കാണുന്ന ആ പഴയ വീടിന് കുന്നേത്തറ എന്നല്ല പുണ്ണൻ പുര എന്ന പേരാണ് ചേരുന്നതെന്ന്താൻ പറയുമായിരുന്നത്രേ 

ചാണകം മെഴുകിയ തറയിലും ഭിത്തിയിലും ഒക്കെയുള്ള കൈപ്പാട് കണ്ടിട്ടാകണം തൻ്റെ പിഞ്ചു മനസ്സിന് അങ്ങനെ തോന്നിയത്.

കുന്നേൽത്തറയിൽ നീലകണ്ഠൻ്റെയും കുഞ്ഞിപ്പെണ്ണിന്റേയും മകൻ മാധവൻ. എന്റെ മുത്തശ്ശൻ

തടികൾ വിലയ്ക്ക് എടുത്ത് മറിച്ചു വിൽക്കുന്ന തൊഴിലായിരുന്നു നീലകണ്ഠന്

നീലകണ്ഠന് ഏഴ്  മക്കളായിരുന്നു. അഞ്ച് ആണും രണ്ട് പെണ്ണും

ആൺമക്കളിൽമൂത്തയാൾ ശങ്കരൻ, രണ്ടാമൻ വേലായുധൻ, മൂന്നാമൻകേശവൻ ,അതിനു താഴെമാധവൻ ഏറ്റവും ഇളയത് വാസു

പെൺമക്കളിൽ മൂത്തത് കൊച്ചു ദേവി,ഇളയത് ജാനകി

നീലകണ്ഠൻ  നന്നായി ധനം സമ്പാദിക്കുകയും അതുപോലെ ആർഭാടമായി ജീവിക്കുകയും ചെയ്ത ഒരാളായിരുന്നു. മരങ്ങാട്ട്‌ എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായതിനാൽ പാരമ്പര്യ സ്വത്തിന് അവകാശികളായത് അദ്ദേഹത്തിന്റെ അനന്തിരവൻമാരാണ്. സ്വത്ത് ഭാഗം വെയ്പിനു ശേഷം പിന്നീടുള്ള സമ്പാദ്യം കൊണ്ട് അദ്ദേഹം ഒരു വള്ളം വാങ്ങി.ആ വള്ളം വിറ്റപ്പോൾ കിട്ടിയ തുക കൊണ്ട് വാങ്ങിയതാണത്രേ കുന്നത്തറയും പരിസരവും,പിൽക്കാലത്ത് തൻ്റെ വസ്തുവകകൾ മക്കൾക്ക് വീതിച്ച് നൽകിയപ്പോൾ കുന്നത്തറ മാധവനും അതിൻ്റെ കിഴക്കു ഭാഗം ജാനകിയ്ക്കും സ്വന്തമായി. പരസ്പരം ഭാഗങ്ങൾ വാങ്ങിയെടുത്തപ്പോൾ.തങ്കയത്തിൽ ഭാഗത്തുള്ള സ്ഥലങ്ങൾക്ക് കേശവനും വാസുവും അവകാശികളായി. കുഞ്ഞിപ്പെണ്ണിന്റെ കുടുംബ ഓഹരിയായ ചെന്നിലേത്ത് വസ്തുക്കൾക്ക്  വേലായുധനും മാധവനും അവകാശികളായി. ശങ്കരൻ ചെറുപ്പത്തിൽ തന്നെ പാമ്പുകടിയേറ്റ് ഇഹലോകവാസം വെടിഞ്ഞിരുന്നു

മുതിർന്നതിനു ശേഷം പക്ഷെ ആൺമക്കളാരും അച്ഛന്റെ വ്യാപാരവുമായി മുന്നോട്ട് പോയില്ല

കായംകുളം കമ്പോളത്തിലെ വ്യാപാരികളുടെ സഹായികളായി അവർ പറ്റിക്കൂടി.

അന്നത്തെക്കാലത്തെ കായംകുളത്തെ ഒരു പ്രമുഖ വ്യാപാരിയായിരുന്നു

ഹാജി ഹസ്സൻ സേട്ട്. സേട്ടിന്റെ പല വ്യാപാരങ്ങളിൽ ഒന്നായിരുന്നു കരുപ്പട്ടി വ്യാപാരം

  സേട്ടു മുതലാളിയുടെ കയ്യിൽ നിന്ന് കടമായി വാങ്ങിയ 1 2 പൊതി കരുപ്പട്ടിയിൽ നിന്നായിരുന്നു കേശവന്റെയും മാധവന്റെയും വ്യാപാര ജീവിതത്തിന്റെ തുടക്കം.12 പൊതി കരുപ്പട്ടി യിൽ നിന്ന് തുടങ്ങിയ വ്യാപാരം പിന്നീട് ശർക്കര, കയർ, ഉപ്പ് തുടങ്ങിയ അനുബന്ധ വ്യാപാരങ്ങളിലേക്ക് വളർന്നു.

 രാജ്യമെങ്ങും ദാരിദ്ര്യം കൊടുമ്പിരിക്കൊള്ളുന്ന കാലം. കിട്ടിയ ചെറിയ തുകകൾ കൂട്ടി വെച്ച് ആ സഹോദരങ്ങൾ പതിയെ ജീവിതം കരുപ്പിടിപ്പിച്ചു.വാസു തയ്യൽ ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തു.

കൊച്ചുതേവി തന്റെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത് നീലകണ്ഠന്റെ അനന്തിരവനായ പപ്പുവിനെയായിരുന്നു.

മുത്തച്ഛൻ്റെ അമ്മയുടെ രൂപം ഒരു രേഖാച്ചിത്രം പോലെ മനസ്സിലുണ്ട്

യഥാർത്ഥത്തിൽ ഞാൻ ആ അമ്മൂമ്മയെ കണ്ടിട്ടുണ്ടോ

അതോ വായ് മൊഴികളിലൂടെ കേട്ടറിഞ്ഞ രൂപം മനസ്സ് വരച്ച തോ

എന്തെങ്കിലു മാകട്ടെ. ആ അമ്മൂമ്മയും മരിച്ചു പോയ അപ്പൂപ്പൻമാരും കാരണം എന്തായാലും എല്ലാ മാസവും ഒരു ദിവസമെങ്കിലും പായസം കുടിക്കാൻ ഇടയാക്കുമായിരുന്നു. അതിന്റെ ഒക്കെ ആള് നമ്മുടെ പങ്കജാക്ഷിയമ്മയായിരുന്നു

ഉയർന്ന വാതിൽപ്പടികളും കട്ടിളപ്പൊക്കം കുറവുള്ളതുമായ പുണ്ണൻ പുര കാലക്രമത്തിൽ ഇഷ്ടിക കെട്ടിയ വീടിന് വഴി മാറി

കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി എന്ന പരിഗണന ആവോളം ലഭിച്ചിരുന്ന ബാല്യകാലം

കിലുക്കാം പെട്ടിയെപ്പോലെ സംസാരിച്ചു നടക്കുന്നത് കൊണ്ട് എല്ലാവരുടെയും കണ്ണിലുണ്ണിയായി ജയമോൾ വളർന്നു.

പത്തു മാസമായപ്പോൾ തന്നെ സംസാരിക്കാൻ തുടങ്ങിയിരുന്നു എന്നാണ് അമ്മച്ചി പറഞ്ഞറിവ്. പത്താം മാസത്തിൽ യശോധരൻ മാമനോട് എനിച്ച് കമ്മൽ വേണം എന്ന് കൊഞ്ചി കരഞ്ഞപ്പോൾ മാമൻ അടുത്ത വരവിന് എത്തിയത് ഒരു കമ്മലുമായി. 

സ്റ്റാറും മുത്തും – അതായിരുന്നു അതിൻ്റെ പേര്, അന്നത്തെ trendy design. പത്താം ക്ലാസ്സെത്തുവോളം എൻ്റെ കാതിൻ്റെ അലങ്കാരം അതായിരുന്നു.

അതൊക്കെ മാറ്റി വാങ്ങാൻ അമ്മച്ചിയോട് വഴക്കിട്ടത് ഞാനായിരുന്നു. ഇന്നോർക്കുമ്പോൾ നഷ്ടബോധം തോന്നുന്നു.

മാമൻമാരും കൊച്ചച്ചൻമാരും ഒക്കെ കൂടി ഒരു രാജകുമാരിയെപ്പോലെയാണ് കൊണ്ടു നടന്നത്. ദാരിദ്ര്യമുള്ള കാലമായിരുന്നെങ്കിലും ഞാനൊന്നും അറിഞ്ഞതേയില്ല

കുന്നേൽത്തറയിൽ വീട്ടിലെ അധികാര കേന്ദ്രം പങ്കജാക്ഷിയമ്മയായിരുന്നു. എല്ലാവർക്കും അമ്മയെ പേടിയായിരുന്നു.

ഞാൻ അമ്മയെന്നായിരുന്നു വിളിച്ചിരുന്നത്. അതിനും ഒരു കാരണമുണ്ടത്രേ. എന്നെ അമ്മച്ചി ഗർഭം ധരിക്കുന്ന സമയത്ത് അമ്മ സുന്ദരിയും അരോഗദൃഢഗാത്രയുമായിരുന്നു. ആ പ്രായത്തിൽ ഒരമ്മൂമ്മയാവാൻ അവർ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല .അതുകൊണ്ടാണത്രേ ഞാൻ അമ്മ എന്ന് വിളിച്ചിരുന്നത്.

Design a site like this with WordPress.com
Get started