When I feel more productive ?

I feel more productive when I am undergoing through strong emotions. Also it happens while i am more systematic. During the time of sorrows , I used to write stories and poems. With a stable mind I may draw, Paint and re-arrange shelves. When I am extremely happy I used to cook more deliciously. In my case productivity depends upon my mindset.

സ്നേഹപ്പുഴയോരത്ത്

ഇഷ്ടായോ കുഞ്ഞാവയെ?

അമ്മയുടെ ചോദ്യം കേട്ട് അവന്തിക പെട്ടെന്ന് തിരിഞ്ഞു നോക്കി.

കൂട്ടിനൊരാള് വേണം എന്നാഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.കൂട്ടുകാർ അനിയത്തി കുട്ടിയുടെയോ അനിയൻ കുട്ടന്റെയോ വിശേഷങ്ങൾ പറയുമ്പോൾ കൗതുകത്തോടെ കേൾക്കുമായിരുന്നു. എങ്കിലും ഒരിക്കൽ പോലും അച്ഛനോടോ അമ്മയോടോ ഈ ആഗ്രഹം പറയാൻ മനസ്സു വന്നില്ല.

അവരുടെ സ്നേഹം പങ്കിട്ടു പോകുമോ എന്ന സ്വാർത്ഥ ചിന്തയാണോ തന്നെ തടഞ്ഞത്.

അമ്പലത്തിൽ പോകുമ്പോൾ ഭഗവാനോട് സ്വകാര്യം പറയുന്നത് കാണുമ്പോൾ പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട്

ഞങ്ങളറിയാത്ത എന്തു സ്വകാര്യമാണ് മോൾക്ക് ദേവിയോട് പറയാനുള്ളത്?

അതൊക്കെയുണ്ട്.

ഒരു കള്ളച്ചിരിയോടെ അമ്മയുടെ സാരിത്തുമ്പിൽ കൈ തെരുപ്പിടിപ്പിക്കുമ്പോൾ ഒരു മധുരസ്വപ്നം കണ്ണുകളിൽ തിരയടിച്ചിരുന്നു

അങ്ങനെ അവന്തിക.എന്ന ഞാൻ പത്താം ക്ലാസ്സിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോഴല്ലേ  ഈ അത്യുഗ്രൻ സമ്മാനം.

ഇഷ്ടമാവാതിരിക്കുമോ.

അമ്മ pregnant ആയതിന്റെ സന്തോഷത്താൽ ദേവിയുടെ അടുത്തേക്കോടിയെത്തിയപ്പോൾ ആ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞിരുന്നോ.

പക്ഷെ അച്ഛനും അമ്മയ്ക്കും ആദ്യം ആശങ്കയായിരുന്നു. 10-ാം ക്ലാസ്സിലെത്തിയ മകൾ ഈ വിഷയത്തോടെങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടാകുക സ്വാഭാവികം..

തന്റെ സന്തോഷം കണ്ടപ്പോൾ അവർക്കും ആശ്വാസമായി

“പെൺകുട്ടിയാ….അവന്തികമോൾക്ക് ഇനി ഒരു കൂട്ടായി “

”കൂട്ട് മാത്രമോ. ഉത്തരവാദിത്വവും കൂടി .ചേച്ചിയല്ലേ അനിയത്തിയെ പൊന്നു പോലെ നോക്കേണ്ടത് “.അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു.

“എത്ര ചെറുതാ അല്ലേ അമ്മേ……. “

“പിന്നല്ലാതെ .നീയും ഇത്രേ ഉണ്ടായിരുന്നുള്ളൂ” 

അവന്തിക കൗതുകത്തോടെ ആ കുഞ്ഞി വിരലിലൊന്നു തൊട്ടു .

അനസൂയ…… കാത്തു വെച്ചിരുന്ന പേര് മനസ്സിൽ മുഴങ്ങി.

വർഷങ്ങൾ കടന്നു പോയതതിവേഗമാണ്. തന്റെ വിരൽ തുമ്പ് തൂങ്ങി നടന്നിരുന്ന കുട്ടി നാളെ ഹോസ്റ്റലിലേക്ക് പോകുകയാണ്

അവൾക്ക് 10 വയസ്സുള്ളപ്പോഴാണ് അമ്മയും അച്ഛനും തങ്ങളെ ഒറ്റയക്കാക്കി ഈ ലോകം വിട്ട് പോയത്.

അന്നത്തെ ആ കാർ ആക്സിഡന്റിൽ അനസൂയ അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.അന്നു മുതൽ താനും രാകേഷേട്ടനും മാത്രമാണവളുടെ ലോകം. അവൾക്ക് താൻ ചേച്ചി മാത്രമല്ല. അമ്മയും അച്ഛനും എല്ലാമായിരുന്നു. തനിക്കും അവൾ ഒരേ സമയം മകളും അനിയത്തിയും ആയിരുന്നു

പഠിക്കാൻ മിടുക്കി ആയിരുന്നതിനാൽ കോളേജ’ അഡ്മിഷനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പട്ടണത്തിലെ കോളേജിലാണ് ചേർന്നത്. ഹോസ്റ്റലിൽ നിൽക്കാതെ തരമില്ല.

നാളെ മുതൽ ഈ വീട്ടിൽ അവളില്ല എന്ന ചിന്ത മനസ്സു നീറ്റുന്നു.

“താനിതുവരെ ഉറങ്ങിയില്ലേ? സമയം എന്തായീന്നാ വിചാരം?”

“ഉറക്കം വരുന്നില്ല രാകേഷേട്ടാ”

“രോഗം മനസ്സിലായി. നാളെ അനസൂയ പോകുന്നതോർത്ത് കിടക്കുകയാണല്ലേ.”

“എനിക്കെന്തോ ഒരു വല്ലായ്ക.പത്രത്തിലൊക്കെ ഓരോന്ന് വായിക്കുമ്പോൾ ആധിയാണ്. എന്തൊക്കെയാ ഇപ്പോൾ നടക്കുന്നത്.

ചതിക്കുഴികൾ നിറഞ്ഞ ലോകം.

“അവന്തികേ .നീ സമാധാനമായിരിക്ക്. അനസൂയയെ ഓർത്ത് ആവലാതിപ്പെടേണ്ട ഒരു കാര്യവുമില്ല എന്നാണെനിക്ക് തോന്നുന്നത്.

താൻ വളർത്തിയ കുട്ടിയല്ലേ അവൾ.”

“അവൾക്ക് അവളെ സൂക്ഷിക്കാനറിയാം. ചുറ്റും നടക്കുന്നതെന്തൊക്കെ എന്ന ബോധം അവൾക്ക് നന്നായിട്ടുണ്ട്.അതാണ് പെൺകുട്ടികൾക്ക് വേണ്ടതും.പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ അവർക്കറിയാം.പിന്നെ എന്തും സ്വാതന്ത്ര്യത്തോടെ പറയാവുന്ന ഒരു ചേച്ചിയമ്മയും  അവൾക്കില്ലേ. ഒരു ചതിക്കുഴിയിലും അവൾ വീഴില്ല. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനയും അവളോടൊപ്പമുണ്ട്.”

രാകേഷേട്ടൻ പിന്നെയും ഓരോന്ന്  പറഞ്ഞു കൊണ്ടേയിരുന്നു.

“അപ്പോ ധൈര്യമായിട്ടിരിക്കാം അല്ലേ.”

“അല്ല പിന്നെ. താൻ കിടന്നുറങ്ങ്‌. രാവിലെ പോകേണ്ടതല്ലേ “

ഹോസ്റ്റലിൽ വാർഡനോട് കാര്യങ്ങൾ സംസാരിച്ച് തിരിച്ചിറങ്ങുമ്പോൾ അനുവിന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലാത്തപ്പോലെ.

“എന്തായിത് ചേച്ചിയമ്മേ .ദേ നേരെ നോക്ക്. 

ഞാൻ നല്ല ധൈര്യത്തോടെ നിൽക്കുന്നത് കണ്ടില്ലേ.”

അവളുടെ നെറുകയിൽ മുഖമമർത്തി തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ വിഷമമല്ലായിരുന്നു .മറിച്ച് ചാരിതാർത്ഥ്യമായിരുന്നു. 

ഒരമ്മക്കിളിയുടെ ചാരിതാർത്ഥ്യം. വളർത്തി വലുതാക്കിയ കുഞ്ഞിക്കിളിയുടെ ചിറകുകൾക്ക് ശക്തി പകരാനായതിന്റെ ചാരിതാർത്ഥ്യം …. മനസ്സിന്റെ കോണിലെവിടെയോ ഒരു ചിറകടിയൊച്ച മുഴങ്ങി.

My Reading, എന്റെ വായന

എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യത്തെ ഹോബി വായനയാണ്. കടന്നുവന്നതല്ല കടത്തിവിട്ടതാണെന്ന് പറയാം

പഠിക്കാൻ മിടുക്കനായിരുന്നിട്ടും Pre-Degree യ്ക്കപ്പുറം പഠനം കൊണ്ടുപോകാൻ ജീവിത സാഹചര്യങ്ങൾ തടസ്സമായി നിന്ന ഒരാളാണ് എന്റെ അച്ഛൻ. തനിക്ക് നടക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ നടത്തിയെടുക്കണമെന്ന് ഉള്ളിന്റെ ഉള്ളിൽ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ തുടക്കമായിരുന്നു വായന..

അച്ഛൻ ഒരു കച്ചവടക്കാരനാണ്. എന്നും രാവിലെ 7.30 ന് കടയിലേക്ക് പോകും. Breakfast കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സമയക്കുറവ് എന്ന വ്യാജേന എന്നോട് പത്രം ഒന്ന് വായിച്ചു തരാൻ പറയും. രണ്ടാം ക്ലാസുകാരിയായ എന്നെ പത്രത്തിന്റെ തലക്കെട്ടുകൾ വായിപ്പിച്ച് ഞാനറിയാതെ എന്നെ വായനയുടെ ലോകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു എന്ന് ആ ചെറിയ കുട്ടിയ്ക്ക് മനസ്സിലായില്ല

സമാന്തരങ്ങൾ

മഞ്ജൂ, ഒന്ന് നിൽക്കൂ. ഞാനൊന്നു പറയട്ടെ 

നടക്കുകയല്ല, ഓടുകയായിരുന്നു അവൾ, 

എങ്ങോട്ടെന്നില്ലാതെ . സമാന്തരമായി നീണ്ടുകിടക്കുന്ന റെയിൽ പാളങ്ങൾക്കിടയിലൂടെ …

മഞ്‌ജൂ പ്ലീസ് എനിക്ക് ഇങ്ങനെ ഓടാൻ വയ്യ.

അനുപമയുടെ വാക്കുകൾ കേട്ട മഞ്ജു ഒരു നിമിഷം നിന്നു . 

… ദുഃഖാർത്തയായ  പ്രിയ സുഹൃത്തിന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചെറിഞ്ഞ് അനുപമ അവളുടെ കരം പിടിച്ചു.

വാ നമുക്ക് ഇവിടെ യിരിക്കാം. 

റെയിൽപ്പാളത്തിലെ സിമന്റ് ബഞ്ചിൽ അവരിവരും ഇരുന്നു. 

ഘനീഭവിച്ചു നിന്ന മൗനത്തിനൊടുവിൽ അനുപമ പതുക്കെ പറഞ്ഞു തുടങ്ങി.

മോളേ …നീ പറഞ്ഞതൊക്കെ ഞാൻ കേൾക്കാതെയല്ല.

സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം. ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും നമുക്ക് ഒരുമിച്ച് ലഭിക്കില്ലല്ലോ. എപ്പോഴും മനസ്സിനെ കുത്തി നോവിയ്ക്കുന്ന ഒരു മുറിവ് ഉണ്ടാകും. അല്ലെങ്കിൽ ഉണ്ടാവണം. ഒരു ദുഃഖമല്ലെങ്കിൽ മറ്റൊരു ദുഃഖം അതാണ് പ്രകൃതി നിയമം.

ഓഹോ. നിനക്കങ്ങനെയൊക്കെ പറയാം. 

കല്യാണവും കഴിക്കാതെ ഭർത്താവും കുടുംബവുമില്ലാതെ പറന്നു നടക്കുന്ന നിനക്ക് ഒരു സാധാരണ സർക്കാർ ജീവനക്കാരിയുടെ വേവും ചൂടും അറിയില്ല.

അനുപമ വികാരാധീനയാകാൻ തുടങ്ങി. 

ഇതിപ്പോ ഇന്നും ഇന്നലെയും തുടങ്ങിയതല്ലോ. എല്ലാ ടെൻഷനും തലയിൽ പേറി എനിക്ക് വയ്യാണ്ടായി. ഓഫീസും വീടും സാമ്പത്തികവും എന്നു വേണ്ട. ടെൻഷനടിച്ച് വല്ല അസുഖവും വന്നാലോ അപ്പോഴും ഞാൻ തന്നെ കുറ്റക്കാരി. വരുത്തി വെച്ച വിപത്താണത്രേ അസുഖങ്ങൾ.

മഞ്ജുളയും അനുപമയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ജീവിതം അവരെ രണ്ടു വഴികളിലൂടെ നടത്തി എന്നു പറയാം. സമാന്തരങ്ങളായി പോകുന്ന റയിൽപ്പാതകളെപ്പോലെ ..ഇടയ്ക്കൊക്കെയുള്ള ദിശമാറ്റത്തിനായി അവർ പരസ്പരം കണ്ടുമുട്ടുന്നു. ജീവിതക്കാഴ്ചകൾ പങ്കുവെയ്ക്കുന്നു. പരസ്പരം വേദനകൾ പങ്കിടുന്നു പലപ്പോഴും ചെണ്ട ചെന്ന് മദ്ദളത്തോട് പറയും പോലെ. എങ്കിലും പരസ്പരം പറയുമ്പോൾ ഒരാശ്വാസം.

നിന്റെ വിഷമം കേൾക്കാനല്ലേ ഇടയ്ക്കിടയ്ക്ക് ഞാനോടിയെത്തുന്നത്. നീ പറയ് ഇപ്പോ എന്താ സംഭവിക്കുന്നത്.?….

പുതുതായിട്ടൊന്നുമില്ല. എല്ലാം പഴയതു തന്നെ. സമൂഹം എത്ര പുരോഗമിച്ചാലും അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ മരുമകൾ എന്നും മരുമകൾ. 

ശരിക്കും കല്യാണാലോചനകൾ നടക്കുമ്പോൾ ഇവർ തമ്മിലുള്ള പൊരുത്തം കൂടി നോക്കണം. അല്ലെങ്കിൽ ജീവിതം കുട്ടിച്ചോറാകാൻ വേറൊന്നും വേണ്ട. ഭർത്താവ് എത്ര പുണ്യാത്മാവാണെന്നു പറഞ്ഞിട്ടും ഒരു കാര്യവുമില്ല.

 Harassment ന്റെ പുതുവഴികൾ അവർ ഓരോ ദിവസവും തേടുന്നു. മകന്റെ ഭാര്യയോടുള്ള അടങ്ങാത്ത പക . മരുമകളെ മകളേപ്പോലെ കാണുന്ന എത്രയോ പേരുണ്ട്. എനിക്ക് മാത്രം എന്താ ഇങ്ങനെ ?. 

ജോലി ചെയ്ത് തളർന്ന് വീട്ടിലെത്തുമ്പോൾ അടുത്ത അങ്കം ഇത്. അടുക്കള ജോലിയും ഓഫീസ് ജോലിയും ഒന്നിച്ച് കുഴപ്പമില്ലാതെ കൊണ്ടുപോകാനുള്ള ഒരു പങ്കപ്പാട് വേറെ. ഇനി ഒരു Servant നെ വെയ്ക്കാമെന്ന് വെച്ചാലോ? പിന്നെയുള്ള പുകിലൊന്നും പറയണ്ട .

ഫ്യൂഡൽ വ്യവസ്ഥിതിയുടെ തിരുശേഷിപ്പുകൾ പേറുന്ന ചില ജൻമങ്ങൾ

ഇതിനിടയിൽ പെട്ട് ഞെരുങ്ങുന്ന പാവം പുരുഷ ജന്മം.

നീ പറഞ്ഞതിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. പാവം പുരുഷ ജന്മം .അതെ അവർ നിസ്സഹായരാണ്. പലപ്പോഴും ക്രൂശിതരാകാൻ വിധിക്കപ്പെട്ടവർ. അവർക്ക് നമ്മൾ താങ്ങാവണ്ടേ. മക്കളുടെ സന്തോഷം നഷ്ടപ്പെടാതെ കാക്കണ്ടേ .

അപ്പോൾ പിന്നെ ചിലതൊക്കെ അവഗണിക്കാം.

എന്നാലും ……. എനിക്കങ്ങോട്ട്

ഒരെന്നാലുമില്ല. 

ജീവിതത്തിലെ അപ്രിയങ്ങളായ ചില പേജുകളെ മറിച്ചു വിടേണ്ടി വരും. അപ്രിയ കഥാപാത്രങ്ങളെ അവഗണിക്കേണ്ടിയും വരും. 

നിന്നെ മാനിക്കുന്ന, നിന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആൾക്കാർ ഈ ലോകത്തുണ്ടെന്ന് മറക്കണ്ട. ഓരോ പ്രാവശ്യം ചവിട്ടിയരയ്ക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നേൽക്കണം. തന്റേടത്തോടെ ഈ ജീവിതം കൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് കാണിച്ചു ക്കൊടുക്കണം.തോറ്റു കൊടുക്കുവാൻ ആർക്കും കഴിയും. പൊരുതാനാണ് ധൈര്യം വേണ്ടത്.

അനുപമയുടെ വാക്കുകൾ കേൾക്കുന്തോറും പതിയെ പതിയെ  മഞ്ജുവിന്റെ മുഖത്തെ കാർമേഘങ്ങളെ അകറ്റാൻ തുടങ്ങി.

എല്ലാവരുടെയും മുന്നിൽ എന്തൊരു  അഭിനയമാണെന്നോ?

. സിനിമയിൽ അഭിനയിക്കാൻ പോയിരുന്നെങ്കിൽ മികച്ച സ്വഭാവനടിയ്ക്കുള്ള അവാർഡ് ഉറപ്പാ.

ഒരു തമാശ കേട്ടതുപോലെ അനുപമ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അലയൊലികൾ മഞ്ജുവിലും ചിരി പടർത്തി.

ദേ പെണ്ണേ നിന്റെ മൊബൈലടിയ്ക്കുന്നു. 

മഞ്ജു തിടുക്കപ്പെട്ട് ബാഗിൽ പരതി.

ഓഫീസിൽ നിന്നാ….

ദേ എത്തി സാർ ….

അപ്പോ അനൂ . Thank You very much dear. നീ വന്നത് എനിക്കെന്താശ്വാസമായെന്നോ.

അതേടാ A friend in need is a friend indeed എന്നല്ലേ .

ജീവിതത്തിലെ ഇടനാഴികളിൽ കാലിടറുമ്പോൾ ഒരു കൈ സഹായത്തിനായി എപ്പോഴും നമുക്ക് ചുറ്റും ആളുണ്ട്. കണ്ണ് തുറന്ന് നോക്കണം എന്ന് മാത്രം.

ജീവിതം ഒന്നേയുള്ളൂ. അത് അമൂല്യവും . ആരുടെയെങ്കിലും frustration ൽ എരിഞ്ഞു തീരാനുള്ളതല്ല ഒരു സ്ത്രീയുടെയും ജീവിതം……

പത്മവ്യൂഹം

                                         

ഒറ്റ, പത്ത് നൂറ്, ആയിരം’…,,,

എന്തു വേഗത്തിലാണവർ വലയം തീർക്കുന്നത്.വാരിക്കുന്തങ്ങളേന്തിയ പടയാളികൾ തനിക്കു ചുറ്റും അഭേദ്യമായ വലയം തീർത്തു കഴിഞ്ഞു.

പുറത്തു കടക്കാൻ ഒരു പഴുതും കാണുന്നില്ലല്ലോ.പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെ പോലെ…..

മാളവികാ’… നല്ല ഉറക്കമാണല്ലോ?

“അതെ ഡോക്ടർ ഇന്നലെ ഇൻജക്ഷൻ കൊടുത്തതിൽപ്പിന്നെ നല്ല ഉറക്കമാണ് “

”പേടിക്കേണ്ട അമ്മേ. മരുന്നിന്റെ മയക്കമാണ്. “

ഹൗസ് സർജൻമാരുടെ സ്വരം അങ്ങകലെയെവിടെയോ കേൾക്കുന്നതു പോലെ.

7 ദിവസത്തിലേറെയായി ഈ നിരീക്ഷണ പരീക്ഷണങ്ങൾ തുടങ്ങിയിട്ട്. Back Pain ആയിട്ടായിരുന്നു തുടക്കം. വേദന സഹിക്കാനാവാതെ അർദ്ധരാത്രിയിൽ casuality യിൽ admit ചെയ്ത താണ്. അന്നു മുതൽ വിവിധ ഡിപ്പാർട്ട്മെൻറുകളുടെ മേൽനോട്ടത്തിലുള്ള പരിശോധനകൾ.

രക്ത പരിശോധനകൾ, സ്കാനിങ്ങ് ,എക്സ് റേ , MRI തുടങ്ങി ഒട്ടു മിക്ക സംവിധാനങ്ങളും പരീക്ഷിച്ചു കഴിഞ്ഞു. എല്ലായിടത്തും പരാജയമായിരുന്നു ഫലം. ഒരിടത്തും ഒന്നും കണ്ടെത്താനായില്ല.

Basic test കൾ നടത്തിയ ശേഷം ” This is not our case  ‘എന്ന comment പാസാക്കി പോകുന്ന ജൂനിയർ ഡോക്ടർമാർ. 

English ൽ Technical terms ഉപയോഗിച്ച് Case വിശദീകരിക്കുന്ന സിനീയർ പ്രൊഫസർ കണ്ണടച്ച് തന്റെ മുന്നിൽ കിടക്കുന്ന രോഗിക്ക് ഇതൊക്കെ മനസ്സിലാകും എന്ന് ചിലപ്പോഴെങ്കിലും മറന്നു പോയിരുന്നു.

“ഇതിപ്പോ ഞാൻ ഏത് ഡിപ്പാർട്ട്മെന്റിന്റെ Case ആണ്?”

ചോദ്യത്തിലെ വ്യംഗ്യം മനസ്സിലാക്കിയിട്ടെന്ന പോലെ നഴ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“General Medicine”

ടെസ്റ്റുകൾക്രമമായി നടക്കുന്നുണ്ടെങ്കിലും വേദന കൂടിയും കുറഞ്ഞും തന്നെ. ഇടയ്ക്ക് മോർഫിനും പ്രയോഗിക്കേണ്ടി വന്നു.

ഇന്നലെ രാത്രിയിൽ എന്തായിരുന്നു സംഭവിച്ചത്? കണ്ണു തുറന്നപ്പോൾ critical care Unit ൽ ആണ്.

മോർഫിൻ തന്നതിനു ശേഷം വലിയ കുഴപ്പമില്ലായിരുന്നു.അതു കൊണ്ടാണ് മഹേഷേട്ടൻ വീട്ടിലേക്ക് പോയത്.

രാത്രിയായപ്പോൾ പതിയെ വേദന അരിച്ചിറങ്ങുന്നത് പോലെ

റിസ്കെടുക്കെണ്ടെന്നു കരുതി അപ്പോൾ തന്നെ നഴ്സിനോട് പറഞ്ഞു ‘ഡ്യൂട്ടി ഡോക്ടറുടെ നിർദ്ദേശപ്രകാരം മോർഫിനു മുന്നേ തന്നുകൊണ്ടിരുന്ന വേദനാസംഹാരിയുമായി നേഴ്സെത്തി. 

രാത്രിയുടെ അന്ത്യയാമത്തിൽപ്പോലും സുസ്മേരവദനയായി റൂമിലേക്ക് സാന്ത്വനവുമായെത്തുന്ന അനില സിസ്റ്റർ ആയിരുന്നു ഡ്യൂട്ടിക്ക് .

സിരകളിലേക്ക് മരുന്ന് അരിച്ചിറങ്ങുകയാണ്. രണ്ട് മിനിട്ട് കഴിഞ്ഞില്ല അപ്പോൾ തന്നെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ പോലെ. ഡീലക്സ് റൂമിലെ തണുപ്പിലും താൻ വിയർത്തൊഴുകുന്നു. ചുണ്ടുകൾ കോടിപ്പോകുന്നുവോ.?

ബോധം മറയുന്നുവോ?

“അയ്യോ.” ” എന്റെ മോൾക്കി തെന്തു പറ്റി? സിസ്റ്റർ മരുന്നു വല്ലതും മാറിച്ചെയ്തോ.?

അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിലും ശകാരവർഷവും കാതുകളിൽ നേർത്തു വരുന്നു….

Yes I am experiencing an anaphylactic reaction എത്രയോ പ്രാവശ്യം മൃഗങ്ങളിൽ സമാനമായ ലക്ഷണങ്ങൾ കണ്ടിരിക്കുന്നു. അന്തരംഗം മന്ത്രിച്ചു 

വിറയാർന്ന ശബ്ദത്തിൽ അമ്മയോട് പറഞ്ഞു.

മഹേഷേട്ടനെ വിളിക്ക്….

പുറത്ത് ആർത്തിരമ്പുന്ന മഴ

ഈ മഴയത്ത് ടെൻഷനടിച്ച് മഹേഷേട്ടൻ ഒറ്റയ്ക്ക് കാറോടിച്ച് വന്നാൽ .:

അതിനെപ്പറ്റി കൂടുതൽ ചിന്തിക്കും മുൻപ് തന്നെ ബോധം മറഞ്ഞിരുന്നു.

ഉറക്കമുണർന്നപ്പോൾ തന്റെ കയ്യും പിടിച്ച് മഹേഷേട്ടൻ അരികിൽത്തന്നെ ഉണ്ട്.കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മ.

ഉദ്വേഗഭരിതമായ മുഖഭാവവുമായി മനു.

മനുവും മഹേഷേട്ടനും എന്തൊക്കെയോ അടക്കിപ്പിടിച്ച് സംസാരിക്കുന്നുണ്ട്.

ഇനിയിപ്പോ എൻഡോസ്കോപ്പിയുണ്ടോ. മഹേ ഷേട്ടാ. എനിക്ക് എന്തേ പറ്റിയത്?

ഇനിയിപ്പോ ഇവിടെ ഒന്നും വേണ്ട. നമുക്ക് വേറെ ആശുപത്രിയിൽ പോകാം. ഡോക്ടറോട് സംസാരിക്കട്ടെ.

.രണ്ടു പേരും കൂടി തിടുക്കത്തിൽ മുറിക്ക് പുറത്തിറങ്ങാൻ തുടങ്ങിയതും ഡോക്ടർ കയറി വന്നതും ഒരുമിച്ചായിരുന്നു’

എങ്ങനെയുണ്ട് ഡോ.മാളവികാ

രാത്രിയിൽ എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞല്ലോ അല്ലേ.?

മഹേഷേട്ടനും മനുവും കൂടി ഡോക്ടറോട് കയർക്കുന്ന ലക്ഷണമുണ്ട്.

അവരുടെ സംശയങ്ങൾ എല്ലാം കേട്ടതിനു ശേഷം അദ്ദേഹം എന്റെ നേരെ നോക്കി.

പിന്നീട് പ്രൊഫഷനെപ്പറ്റിയായി ചോദ്യം

അടുത്ത ദിവസങ്ങളിൽ പോസ്റ്റ്മോർട്ടം കേസുകൾ വല്ലതും കൈകാര്യം ചെയ്തിട്ടുണ്ടോ?

ഗ്ലൗസും മാസ്ക്കും ഉപയോഗിച്ചാണോ മൃഗങ്ങളെ പരിശോധിക്കുന്നത്?

അസാധാരണമായ ലക്ഷണങ്ങൾ ഉള്ള ഏതെങ്കിലും പക്ഷിമൃഗാദികളെ ഈ ദിവസങ്ങളിൽ പരിശോധിച്ചിരുന്നോ?

എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ.

ചോദ്യോത്തര പംക്തിക്ക് ശേഷം അദ്ദേഹം പറഞ്ഞു

ബ്ലഡ് റിസൽട്ടുകൾ വന്നു CRP high ആണ് 140 ഉണ്ട്. Let the culture result come’.

CRP – Coagulative reactive  Protien ,an inflamation marker normal value ഒന്നിൽ താഴെയാണ്.

ഇനിയിപ്പോ എന്താവും?

പറക്കമുറ്റാത്ത മൂന്ന് മക്കൾ, ഭർത്താവ്, അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവരുടെയും മുഖങ്ങൾ ചലച്ചിത്രത്തിലെന്ന പോലെ മനസ്സിൽ തിരനോട്ടം നടത്തി

മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യമായിരുന്നു പിന്നീട്. ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് ഡോക്ടറുടെ ശബ്ദം. 

“Result വന്നു. Organism iട of Klebsiella  Species “

ഡോകടർ ഒന്നുകൊണ്ടും പേടിക്കേണ്ട. sensitivity test അനുസരിച്ചുള്ള antibiotic ഇപ്പോൾ തന്നെ Start ചെയ്യും.

അപ്പോൾ പിന്നെ ഇതു വരെ ചെയ്ത antibiotic കൾ?

Unfortunately they haven’t responded .But this time We are going to win the battle

എല്ലാവരെയും സമാധാനിപ്പിച്ചതിനു ശേഷം ഡോകടർ ഒരു തെളിഞ്ഞ ചിരിയുമായി പുറത്തേക്ക് പോയി.

Antimicrobial Resistance അഥവാ AMR

വരും വർഷങ്ങളിലെ കൊലയാളി. 

നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഭീകരനായ കൊലയാളി.ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർAM R മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്.2050 ആകുമ്പോഴേക്കും ഇത് പത്ത് മില്യൻ ആകുമത്രേ.

എന്തൊക്കെയാണ് ഇതിന്റെ കാരണം?

മനുഷ്യരിലേയും മൃഗങ്ങളിലേയുംആൻറി ബയോട്ടിക്കുകളുടെ അമിതവും തെറ്റായതുമായ ഉപയോഗം

വളർച്ചാ ത്വരകങ്ങളായും അസുഖങ്ങളെ പ്രതിരോധിക്കുന്നതിനുമായുള്ള ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം

ആന്റിബയോട്ടിക്ക് റെസിഡ്യൂസ് അടങ്ങിയ വിസർജ്യങ്ങൾ

മരുന്നു നിർമ്മാണ ശാലകളിൽ നിന്നുള്ള മാലിന്യ സംസ്കരണത്തിലെ അപര്യാപ്തത

ജല, അന്തരീക്ഷ മലിനീകരണം

എന്നിങ്ങനെ നീളുന്നു കാരണങ്ങൾ

2019 ൽ WHO ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രധാന ഭീഷണികകളിൽ ഒന്ന് AM Rതന്നെ

അതു കൊണ്ട് തന്നെ ഗ്ലോബൽ പ്ലാനും നാഷണൽ പ്ലാനും ഒക്കെ ഈ വിപത്തിനെതിരെ തയ്യാറാക്കിയിട്ടുണ്ട്.

നമ്മുടെ കൊച്ചു കേരളവും ഒട്ടും പിന്നിലല്ല.

KARSAP – I Kerala Antibiotic Resistance Action Plan 2018 ഒക്ടോബറിൽ രൂപീകൃതമായി.നടപടികൾ ആരംഭിച്ചു തുടങ്ങി.

പക്ഷെ എല്ലാ പ്രവർത്തനങ്ങളും തുടങ്ങേണ്ടത് താഴേത്തട്ടിൽ നിന്നു തന്നെ. 

ബോധവൽക്കരണം കർഷകരുൾപ്പെടുന്ന സമൂഹത്തിൽ നിന്നു തുടങ്ങി മേൽത്തട്ടിലേക്കെത്തണം.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കണം

അത്യാവശ്യത്തിനു മാത്രം കൃത്യമായ ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്ന രീതി വരണം. അതും ശരിയായ ഡോസിലും റൂട്ടിലും.

രോഗ നിയന്ത്രണത്തിന് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രീതി മാറി വാക്സിനുകൾക്ക് പ്രചാരം വർദ്ധിക്കണം.

അവലംബിക്കാവുന്ന മാർഗ്ഗങ്ങളെപ്പറ്റിയൊക്കെ വിദഗ്ധർ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടിയിരിക്കുന്നു.

“മാഡം വലിയ ആലോചനയിലാണല്ലോ. മരുന്ന് ചെയ്യണ്ടേ.”

”ങും നോക്കട്ടെ  ഏതാണ് Drug?”

New gen തന്നെയാണല്ലോ?

എത്ര ഗ്രാമാണ് ചെയ്യുന്നത്?

1.5 g. 

അപ്പോൾ രണ്ടു നേരവും കൂടി 3 ഗ്രാമോ. ഇതെന്താ വെറ്ററിനറി ഡോക്ടർക്കുള്ള സ്പെഷ്യലോ?

ഞാൽ പശുവിലും ഉപയോഗിക്കുന്നതും ഇതേ മരുന്ന് ഇത്രയും തന്നെ. കൊള്ളാല്ലോ.

“അസുഖം മാറണ്ടേ മാഡം. “

അനില സിസ്റ്റർ ചിരിച്ചു കൊണ്ട് മരുന്നുകൾ ഓരോന്നായി എന്റെ സിരകളിലേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങി

ശരിയാ:- ‘… അസുഖം മാറണം .പക്ഷെ 1987 ന് ശേഷം പുതിയ antibiotic കളൊന്നും പുറത്തേക്ക് വന്നിട്ടില്ലെന്ന് ഓർത്താൽ നന്ന്. ഇന്നത്തെ New gen 1987ലേത് തന്നെ. ഉള്ളവ തന്നെ വീര്യം കൂട്ടി കൂട്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

വന്ന് വന്ന് തീവ്രത മൃഗത്തിനൊപ്പം തന്നെ മനുഷ്യനും വേണമെന്നായിരിക്കുന്നു.

ഇതെവിടെപ്പോയി അവസാനിക്കും?

ആവനാഴിയിലെ അമ്പുകൾ തീർന്നുകൊണ്ടിരിക്കുകയാണ്. സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കിൽ പത്മവ്യൂഹത്തിലകപ്പെട്ടത് തന്നെ ‘ഒരിക്കലും പുറത്തിറങ്ങാനാവാത്ത വിധം .അപ്പോൾ പിന്നെ യുദ്ധം ജയിക്കാനുള്ളതാവില്ല. തോൽവി ഉറപ്പിച്ചുള്ളതായിരിക്കും ………

വിദൂരമല്ലാത്ത ആ കാലത്തെ മറികടക്കാൻ തന്നാലാവും വിധം കാര്യങ്ങൾ ചെയ്തേ പറ്റൂ.അതിനായി എത്രയും വേഗം ഈ നീരാളിയിൽ നിന്ന് രക്ഷപ്പെടണം. മനസ്സ് വർദ്ധിത വീര്യത്തോടെ പായുകയാണ് .കണ്ണിൽ നിന്ന് മായും മുൻപ് ആ കൊലയാളിയെ കീഴ്പ്പെടുത്തണം….. –

പ്രയാണം

എവിടെ തുടങ്ങീയി പ്രയാണം

എവിടെയാണിതിനന്ത്യം

 സന്തുഷ്ടമാമൊരു ബാല്യം

പൂത്തുമ്പിയായ് പാറി നടന്നൊരു കാലം

യൗവ്വനം രാജകുമാരിയെപ്പോൽ

പല്ലക്കിലേറ്റിയ കാലം

വലതു കാൽ വെച്ച് പുതുപ്പെണ്ണായ്

ജീവിതത്തിൻ പത്മവ്യൂഹത്തിലേക്ക്

കയ്‌പും മധുരവും ഇടകലർന്നെത്തി യെൻജീവിതത്തിൽ

അഭിമന്യൂവായ് മാറി ഞാൻ

പഠിച്ചൂ ചുഴികളിൽ നിന്ന് വഴുതാൻ

ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് ശഠിച്ചൂ

ഭാരതസ്ത്രീ തൻ പ്രതിബിംബമായി

ശാഠ്യങ്ങൾ തെറ്റുന്നതറിഞ്ഞീല

അഭിനന്ദനങ്ങൾ പ്രചോദനങ്ങളായ്

വിമർശനങ്ങൾ മനസ്സിലെടുത്തു

മനസ്സിൻ വീണയിൽചെറുതാം ശ്രുതിഭംഗങ്ങൾ വരിഞ്ഞു മുറുകലുകൾ

ഒരു നാൾ അനിവാര്യമായത് സംഭവിച്ചു 

മധുരസംഗീതം പൊഴിക്കുമാ തന്ത്രികൾ വർദ്ധിച്ച ശബ്ദത്തോടെ പൊട്ടിയകന്നു.

അവ എങ്ങോട്ടെന്നില്ലാതെ നീങ്ങി പ്പോയ്

ആരൊക്കെയോ സാന്ത്വനപ്പെടുത്തി

ചിലരൊക്കെ അകറ്റി നിർത്തി

ചിലരോ കണ്ടില്ലെന്ന് നടിച്ചു

പ്രതീക്ഷിക്കാത്ത കരങ്ങൾ ആശ്വാസമേകി

തിരിച്ചറിവുകളുടെ കാലത്തിനൊടുവിൽ ആ നാദം ഇനിയും ശ്രുതി ചേരുന്നത് കാത്തിരിപ്പൂ ഞാൻ

ആ മധുരസംഗീതത്തിനായ് കാതോർത്തിരിപ്പൂ ഞാൻ പ്രതീക്ഷയോടെ

Design a site like this with WordPress.com
Get started