
ഇഷ്ടായോ കുഞ്ഞാവയെ?
അമ്മയുടെ ചോദ്യം കേട്ട് അവന്തിക പെട്ടെന്ന് തിരിഞ്ഞു നോക്കി.
കൂട്ടിനൊരാള് വേണം എന്നാഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.കൂട്ടുകാർ അനിയത്തി കുട്ടിയുടെയോ അനിയൻ കുട്ടന്റെയോ വിശേഷങ്ങൾ പറയുമ്പോൾ കൗതുകത്തോടെ കേൾക്കുമായിരുന്നു. എങ്കിലും ഒരിക്കൽ പോലും അച്ഛനോടോ അമ്മയോടോ ഈ ആഗ്രഹം പറയാൻ മനസ്സു വന്നില്ല.
അവരുടെ സ്നേഹം പങ്കിട്ടു പോകുമോ എന്ന സ്വാർത്ഥ ചിന്തയാണോ തന്നെ തടഞ്ഞത്.
അമ്പലത്തിൽ പോകുമ്പോൾ ഭഗവാനോട് സ്വകാര്യം പറയുന്നത് കാണുമ്പോൾ പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട്
ഞങ്ങളറിയാത്ത എന്തു സ്വകാര്യമാണ് മോൾക്ക് ദേവിയോട് പറയാനുള്ളത്?
അതൊക്കെയുണ്ട്.
ഒരു കള്ളച്ചിരിയോടെ അമ്മയുടെ സാരിത്തുമ്പിൽ കൈ തെരുപ്പിടിപ്പിക്കുമ്പോൾ ഒരു മധുരസ്വപ്നം കണ്ണുകളിൽ തിരയടിച്ചിരുന്നു
അങ്ങനെ അവന്തിക.എന്ന ഞാൻ പത്താം ക്ലാസ്സിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോഴല്ലേ ഈ അത്യുഗ്രൻ സമ്മാനം.
ഇഷ്ടമാവാതിരിക്കുമോ.
അമ്മ pregnant ആയതിന്റെ സന്തോഷത്താൽ ദേവിയുടെ അടുത്തേക്കോടിയെത്തിയപ്പോൾ ആ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞിരുന്നോ.
പക്ഷെ അച്ഛനും അമ്മയ്ക്കും ആദ്യം ആശങ്കയായിരുന്നു. 10-ാം ക്ലാസ്സിലെത്തിയ മകൾ ഈ വിഷയത്തോടെങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടാകുക സ്വാഭാവികം..
തന്റെ സന്തോഷം കണ്ടപ്പോൾ അവർക്കും ആശ്വാസമായി
“പെൺകുട്ടിയാ….അവന്തികമോൾക്ക് ഇനി ഒരു കൂട്ടായി “
”കൂട്ട് മാത്രമോ. ഉത്തരവാദിത്വവും കൂടി .ചേച്ചിയല്ലേ അനിയത്തിയെ പൊന്നു പോലെ നോക്കേണ്ടത് “.അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു.
“എത്ര ചെറുതാ അല്ലേ അമ്മേ……. “
“പിന്നല്ലാതെ .നീയും ഇത്രേ ഉണ്ടായിരുന്നുള്ളൂ”
അവന്തിക കൗതുകത്തോടെ ആ കുഞ്ഞി വിരലിലൊന്നു തൊട്ടു .
അനസൂയ…… കാത്തു വെച്ചിരുന്ന പേര് മനസ്സിൽ മുഴങ്ങി.
വർഷങ്ങൾ കടന്നു പോയതതിവേഗമാണ്. തന്റെ വിരൽ തുമ്പ് തൂങ്ങി നടന്നിരുന്ന കുട്ടി നാളെ ഹോസ്റ്റലിലേക്ക് പോകുകയാണ്
അവൾക്ക് 10 വയസ്സുള്ളപ്പോഴാണ് അമ്മയും അച്ഛനും തങ്ങളെ ഒറ്റയക്കാക്കി ഈ ലോകം വിട്ട് പോയത്.
അന്നത്തെ ആ കാർ ആക്സിഡന്റിൽ അനസൂയ അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.അന്നു മുതൽ താനും രാകേഷേട്ടനും മാത്രമാണവളുടെ ലോകം. അവൾക്ക് താൻ ചേച്ചി മാത്രമല്ല. അമ്മയും അച്ഛനും എല്ലാമായിരുന്നു. തനിക്കും അവൾ ഒരേ സമയം മകളും അനിയത്തിയും ആയിരുന്നു
പഠിക്കാൻ മിടുക്കി ആയിരുന്നതിനാൽ കോളേജ’ അഡ്മിഷനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പട്ടണത്തിലെ കോളേജിലാണ് ചേർന്നത്. ഹോസ്റ്റലിൽ നിൽക്കാതെ തരമില്ല.
നാളെ മുതൽ ഈ വീട്ടിൽ അവളില്ല എന്ന ചിന്ത മനസ്സു നീറ്റുന്നു.
“താനിതുവരെ ഉറങ്ങിയില്ലേ? സമയം എന്തായീന്നാ വിചാരം?”
“ഉറക്കം വരുന്നില്ല രാകേഷേട്ടാ”
“രോഗം മനസ്സിലായി. നാളെ അനസൂയ പോകുന്നതോർത്ത് കിടക്കുകയാണല്ലേ.”
“എനിക്കെന്തോ ഒരു വല്ലായ്ക.പത്രത്തിലൊക്കെ ഓരോന്ന് വായിക്കുമ്പോൾ ആധിയാണ്. എന്തൊക്കെയാ ഇപ്പോൾ നടക്കുന്നത്.
ചതിക്കുഴികൾ നിറഞ്ഞ ലോകം.
“അവന്തികേ .നീ സമാധാനമായിരിക്ക്. അനസൂയയെ ഓർത്ത് ആവലാതിപ്പെടേണ്ട ഒരു കാര്യവുമില്ല എന്നാണെനിക്ക് തോന്നുന്നത്.
താൻ വളർത്തിയ കുട്ടിയല്ലേ അവൾ.”
“അവൾക്ക് അവളെ സൂക്ഷിക്കാനറിയാം. ചുറ്റും നടക്കുന്നതെന്തൊക്കെ എന്ന ബോധം അവൾക്ക് നന്നായിട്ടുണ്ട്.അതാണ് പെൺകുട്ടികൾക്ക് വേണ്ടതും.പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ അവർക്കറിയാം.പിന്നെ എന്തും സ്വാതന്ത്ര്യത്തോടെ പറയാവുന്ന ഒരു ചേച്ചിയമ്മയും അവൾക്കില്ലേ. ഒരു ചതിക്കുഴിയിലും അവൾ വീഴില്ല. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനയും അവളോടൊപ്പമുണ്ട്.”
രാകേഷേട്ടൻ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
“അപ്പോ ധൈര്യമായിട്ടിരിക്കാം അല്ലേ.”
“അല്ല പിന്നെ. താൻ കിടന്നുറങ്ങ്. രാവിലെ പോകേണ്ടതല്ലേ “
ഹോസ്റ്റലിൽ വാർഡനോട് കാര്യങ്ങൾ സംസാരിച്ച് തിരിച്ചിറങ്ങുമ്പോൾ അനുവിന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലാത്തപ്പോലെ.
“എന്തായിത് ചേച്ചിയമ്മേ .ദേ നേരെ നോക്ക്.
ഞാൻ നല്ല ധൈര്യത്തോടെ നിൽക്കുന്നത് കണ്ടില്ലേ.”
അവളുടെ നെറുകയിൽ മുഖമമർത്തി തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ വിഷമമല്ലായിരുന്നു .മറിച്ച് ചാരിതാർത്ഥ്യമായിരുന്നു.
ഒരമ്മക്കിളിയുടെ ചാരിതാർത്ഥ്യം. വളർത്തി വലുതാക്കിയ കുഞ്ഞിക്കിളിയുടെ ചിറകുകൾക്ക് ശക്തി പകരാനായതിന്റെ ചാരിതാർത്ഥ്യം …. മനസ്സിന്റെ കോണിലെവിടെയോ ഒരു ചിറകടിയൊച്ച മുഴങ്ങി.