മഞ്ജൂ, ഒന്ന് നിൽക്കൂ. ഞാനൊന്നു പറയട്ടെ
നടക്കുകയല്ല, ഓടുകയായിരുന്നു അവൾ,
എങ്ങോട്ടെന്നില്ലാതെ . സമാന്തരമായി നീണ്ടുകിടക്കുന്ന റെയിൽ പാളങ്ങൾക്കിടയിലൂടെ …
മഞ്‌ജൂ പ്ലീസ് എനിക്ക് ഇങ്ങനെ ഓടാൻ വയ്യ.
അനുപമയുടെ വാക്കുകൾ കേട്ട മഞ്ജു ഒരു നിമിഷം നിന്നു .
… ദുഃഖാർത്തയായ പ്രിയ സുഹൃത്തിന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചെറിഞ്ഞ് അനുപമ അവളുടെ കരം പിടിച്ചു.
വാ നമുക്ക് ഇവിടെ യിരിക്കാം.
റെയിൽപ്പാളത്തിലെ സിമന്റ് ബഞ്ചിൽ അവരിവരും ഇരുന്നു.
ഘനീഭവിച്ചു നിന്ന മൗനത്തിനൊടുവിൽ അനുപമ പതുക്കെ പറഞ്ഞു തുടങ്ങി.
മോളേ …നീ പറഞ്ഞതൊക്കെ ഞാൻ കേൾക്കാതെയല്ല.
സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം. ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും നമുക്ക് ഒരുമിച്ച് ലഭിക്കില്ലല്ലോ. എപ്പോഴും മനസ്സിനെ കുത്തി നോവിയ്ക്കുന്ന ഒരു മുറിവ് ഉണ്ടാകും. അല്ലെങ്കിൽ ഉണ്ടാവണം. ഒരു ദുഃഖമല്ലെങ്കിൽ മറ്റൊരു ദുഃഖം അതാണ് പ്രകൃതി നിയമം.
ഓഹോ. നിനക്കങ്ങനെയൊക്കെ പറയാം.
കല്യാണവും കഴിക്കാതെ ഭർത്താവും കുടുംബവുമില്ലാതെ പറന്നു നടക്കുന്ന നിനക്ക് ഒരു സാധാരണ സർക്കാർ ജീവനക്കാരിയുടെ വേവും ചൂടും അറിയില്ല.
അനുപമ വികാരാധീനയാകാൻ തുടങ്ങി.
ഇതിപ്പോ ഇന്നും ഇന്നലെയും തുടങ്ങിയതല്ലോ. എല്ലാ ടെൻഷനും തലയിൽ പേറി എനിക്ക് വയ്യാണ്ടായി. ഓഫീസും വീടും സാമ്പത്തികവും എന്നു വേണ്ട. ടെൻഷനടിച്ച് വല്ല അസുഖവും വന്നാലോ അപ്പോഴും ഞാൻ തന്നെ കുറ്റക്കാരി. വരുത്തി വെച്ച വിപത്താണത്രേ അസുഖങ്ങൾ.
മഞ്ജുളയും അനുപമയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ജീവിതം അവരെ രണ്ടു വഴികളിലൂടെ നടത്തി എന്നു പറയാം. സമാന്തരങ്ങളായി പോകുന്ന റയിൽപ്പാതകളെപ്പോലെ ..ഇടയ്ക്കൊക്കെയുള്ള ദിശമാറ്റത്തിനായി അവർ പരസ്പരം കണ്ടുമുട്ടുന്നു. ജീവിതക്കാഴ്ചകൾ പങ്കുവെയ്ക്കുന്നു. പരസ്പരം വേദനകൾ പങ്കിടുന്നു പലപ്പോഴും ചെണ്ട ചെന്ന് മദ്ദളത്തോട് പറയും പോലെ. എങ്കിലും പരസ്പരം പറയുമ്പോൾ ഒരാശ്വാസം.
നിന്റെ വിഷമം കേൾക്കാനല്ലേ ഇടയ്ക്കിടയ്ക്ക് ഞാനോടിയെത്തുന്നത്. നീ പറയ് ഇപ്പോ എന്താ സംഭവിക്കുന്നത്.?….
പുതുതായിട്ടൊന്നുമില്ല. എല്ലാം പഴയതു തന്നെ. സമൂഹം എത്ര പുരോഗമിച്ചാലും അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ മരുമകൾ എന്നും മരുമകൾ.
ശരിക്കും കല്യാണാലോചനകൾ നടക്കുമ്പോൾ ഇവർ തമ്മിലുള്ള പൊരുത്തം കൂടി നോക്കണം. അല്ലെങ്കിൽ ജീവിതം കുട്ടിച്ചോറാകാൻ വേറൊന്നും വേണ്ട. ഭർത്താവ് എത്ര പുണ്യാത്മാവാണെന്നു പറഞ്ഞിട്ടും ഒരു കാര്യവുമില്ല.
Harassment ന്റെ പുതുവഴികൾ അവർ ഓരോ ദിവസവും തേടുന്നു. മകന്റെ ഭാര്യയോടുള്ള അടങ്ങാത്ത പക . മരുമകളെ മകളേപ്പോലെ കാണുന്ന എത്രയോ പേരുണ്ട്. എനിക്ക് മാത്രം എന്താ ഇങ്ങനെ ?.
ജോലി ചെയ്ത് തളർന്ന് വീട്ടിലെത്തുമ്പോൾ അടുത്ത അങ്കം ഇത്. അടുക്കള ജോലിയും ഓഫീസ് ജോലിയും ഒന്നിച്ച് കുഴപ്പമില്ലാതെ കൊണ്ടുപോകാനുള്ള ഒരു പങ്കപ്പാട് വേറെ. ഇനി ഒരു Servant നെ വെയ്ക്കാമെന്ന് വെച്ചാലോ? പിന്നെയുള്ള പുകിലൊന്നും പറയണ്ട .
ഫ്യൂഡൽ വ്യവസ്ഥിതിയുടെ തിരുശേഷിപ്പുകൾ പേറുന്ന ചില ജൻമങ്ങൾ
ഇതിനിടയിൽ പെട്ട് ഞെരുങ്ങുന്ന പാവം പുരുഷ ജന്മം.
നീ പറഞ്ഞതിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. പാവം പുരുഷ ജന്മം .അതെ അവർ നിസ്സഹായരാണ്. പലപ്പോഴും ക്രൂശിതരാകാൻ വിധിക്കപ്പെട്ടവർ. അവർക്ക് നമ്മൾ താങ്ങാവണ്ടേ. മക്കളുടെ സന്തോഷം നഷ്ടപ്പെടാതെ കാക്കണ്ടേ .
അപ്പോൾ പിന്നെ ചിലതൊക്കെ അവഗണിക്കാം.
എന്നാലും ……. എനിക്കങ്ങോട്ട്
ഒരെന്നാലുമില്ല.
ജീവിതത്തിലെ അപ്രിയങ്ങളായ ചില പേജുകളെ മറിച്ചു വിടേണ്ടി വരും. അപ്രിയ കഥാപാത്രങ്ങളെ അവഗണിക്കേണ്ടിയും വരും.
നിന്നെ മാനിക്കുന്ന, നിന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആൾക്കാർ ഈ ലോകത്തുണ്ടെന്ന് മറക്കണ്ട. ഓരോ പ്രാവശ്യം ചവിട്ടിയരയ്ക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നേൽക്കണം. തന്റേടത്തോടെ ഈ ജീവിതം കൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് കാണിച്ചു ക്കൊടുക്കണം.തോറ്റു കൊടുക്കുവാൻ ആർക്കും കഴിയും. പൊരുതാനാണ് ധൈര്യം വേണ്ടത്.
അനുപമയുടെ വാക്കുകൾ കേൾക്കുന്തോറും പതിയെ പതിയെ മഞ്ജുവിന്റെ മുഖത്തെ കാർമേഘങ്ങളെ അകറ്റാൻ തുടങ്ങി.
എല്ലാവരുടെയും മുന്നിൽ എന്തൊരു അഭിനയമാണെന്നോ?
. സിനിമയിൽ അഭിനയിക്കാൻ പോയിരുന്നെങ്കിൽ മികച്ച സ്വഭാവനടിയ്ക്കുള്ള അവാർഡ് ഉറപ്പാ.
ഒരു തമാശ കേട്ടതുപോലെ അനുപമ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അലയൊലികൾ മഞ്ജുവിലും ചിരി പടർത്തി.
ദേ പെണ്ണേ നിന്റെ മൊബൈലടിയ്ക്കുന്നു.
മഞ്ജു തിടുക്കപ്പെട്ട് ബാഗിൽ പരതി.
ഓഫീസിൽ നിന്നാ….
ദേ എത്തി സാർ ….
അപ്പോ അനൂ . Thank You very much dear. നീ വന്നത് എനിക്കെന്താശ്വാസമായെന്നോ.
അതേടാ A friend in need is a friend indeed എന്നല്ലേ .
ജീവിതത്തിലെ ഇടനാഴികളിൽ കാലിടറുമ്പോൾ ഒരു കൈ സഹായത്തിനായി എപ്പോഴും നമുക്ക് ചുറ്റും ആളുണ്ട്. കണ്ണ് തുറന്ന് നോക്കണം എന്ന് മാത്രം.
ജീവിതം ഒന്നേയുള്ളൂ. അത് അമൂല്യവും . ആരുടെയെങ്കിലും frustration ൽ എരിഞ്ഞു തീരാനുള്ളതല്ല ഒരു സ്ത്രീയുടെയും ജീവിതം……