” എന്തായി, എല്ലാവരും എത്തിയില്ലേ? ഇപ്പോൾ തന്നെ സമയം വൈകി.”
ലോനപ്പൻ ചേട്ടനാണ്. രാഗലയ നാടക സമിതിയുടെ പ്രൊപ്രൈറ്റർ കം കോ-ഓർഡിനേറ്റർ. വയസ്സ് 70 ആയെങ്കിലും നാടകം ഉപേക്ഷിക്കാൻ ഇപ്പോഴും തയ്യാറല്ല. വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തിനിടെയും “രാഗലയ” ത്തിന് വേറിട്ട ഒരു സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
രംഗബോധമില്ലാത്ത ഒരു കോമാളിയായി മരണം സീനിൽ നിന്ന് തന്റെ എല്ലാമെല്ലാമായ ശോശാമ്മയെ തട്ടിയെടുത്തെങ്കിലും ജീവിതത്തോട് പൊരുതാനുറപ്പിച്ചു തന്നെയായിരുന്നു ലോനപ്പൻ ചേട്ടന്റെ ഓരോ നീക്കങ്ങളും.
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കാലത്തിനൊത്ത് പറന്നുയർന്നു. നിരാശകളേയും ദുഖങ്ങളേയും കുടഞ്ഞെറിഞ്ഞു. അദ്ദേഹത്തിന്റെ രാഗലയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷം പത്തായി. ജീവിതവഴിയുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടയിൽ കൈത്താങ്ങാവുന്നത് രാഗലയമാണ്.
നല്ല ശിൽപ്പിയുടെ കയ്യിലെത്തുന്ന കല്ലുപോലെയാണ് ഇവിടെ ഓരോരുത്തരും. മനസ്സർപ്പിച്ച് പ്രവർത്തിച്ചാൽ ഓരോ കല്ലും ശിൽപ്പമാകും. പക്ഷെ എന്തുകൊണ്ടോ ചിലർ അവസരങ്ങളെ ഉപയോഗിക്കുന്നു. ചിലർ യാന്ത്രികമായി ആടിത്തീർക്കുന്നു. മനോധർമ്മം പ്രയോഗിക്കുന്നവർക്ക് ചിലപ്പോഴെങ്കിലും ചില പാരകളെയും നേരിടേണ്ടി വരുന്നു എന്നതാണ് സത്യം. അത് പിന്നെ അങ്ങനെയല്ലേ വരൂ. “മാങ്ങയുള്ള മാവിലല്ലേ ഏറു കിട്ടൂ .”
“രേണുക രാവിലെ തന്നെ ഉറക്കത്തിലാണോ? ഏയ് അല്ല. ഓരോന്ന് ആലോചിച്ച് കണ്ണടച്ചിരുന്നു പോയതാ.
“ശരി, ശരി, നടക്കട്ടെ.”
മോഹനൻ ചിരിച്ചു കൊണ്ട് തന്റെ സ്ഥിരം സീറ്റിലേക്ക് നീങ്ങി .
രേണുക വീണ്ടും തന്റെ ചിന്തകളാകുന്ന കനലുകൾക്ക് തീ പകരാൻ തുടങ്ങി. ജീവിതപ്രാരാബ്ധങ്ങളുടെ ഇടയിലും അവൾക്ക് മാത്രമായൊരു സ്വപ്നമുണ്ട്. പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുമായുള്ള മൽപ്പിടുത്തത്തിനൊടുവിൽ പലപ്പോഴും തിരശീലയ്ക്ക് പിന്നിലേക്കൊതുങ്ങുന്ന സ്വപ്നം.
ആൾക്കൂട്ടത്തിൽ തനിയെയാകുന്ന ചില നിമിഷങ്ങളിൽ രേണുക ആ സ്വപ്നത്തേരേറി അനന്തവിഹായസ്സിലേക്ക് പറക്കാറുണ്ട്. അവിടെ അവൾ ലോകം അറിയുന്ന കലാകാരിയാണ്. സ്വന്തം കഴിവി’നാൽ പേരും, പ്രശസ്തിയും സമ്പത്തും സ്വായത്തമാക്കിയവൾ.തലയുയർത്തിപ്പിടിച്ച്പട്ടുപരവതാനിയിലൂടെ നടന്നുനീങ്ങുന്നതിനിടയിലായിരിക്കും ചിലപ്പോൾ തലകുത്തനെ കീഴോട്ട് പതിക്കുന്നത്. പത്താം നമ്പർ കോളനിയിലെ രണ്ടുമുറി വീട്ടിലെ സുരക്ഷിതത്വത്തിലേയ്ക്ക് അവൾ വീണ്ടും പറന്നിറങ്ങും. ഇതിപ്പോൾ ഒരു സ്ഥിരം സംഭവമായിട്ടുണ്ട്. അതോർത്തപ്പോൾ തന്നെ ഒരു ചിരി ചുണ്ടിൽ ഊറിക്കൂടി.
അവളുടെ കല ഒരു വരദാനമായി ഈശ്വരൻ കനിഞ്ഞുനൽകിയതാണെന്ന് മനസ്സിലായപ്പോൾ മുതൽ കല കൊണ്ട് ജീവിക്കുക എന്ന ആഗ്രഹം മനസ്സിലുറച്ചതാണ്. ആ ചിന്ത തന്റെ സ്വപ്നത്തിലേക്ക് പാത തെളിക്കുമെന്ന വിശ്വാസം ഓരോ ചുവടുവെപ്പിലും ഉണ്ടായിരുന്നു. നാടറിയുന്ന ഒരു കലാകാരിയാകുക എന്ന കനൽ ഉള്ളിൽ ജ്വലിക്കുന്നത് കൊണ്ടാകും എന്ത് കാര്യവും വ്യത്യസ്തമായി ചെയ്യാനുള്ള ഒരാഗ്രഹം ഇപ്പോഴും കൂടെയുണ്ട്. പക്ഷെ മനസ്സ് ഒഴിവുകഴിവുകളുമായി ഒളിച്ചുകളി നടത്താൻ തുടങ്ങിയിട്ട് നാളേറെയായി.
ഇന്നത്തെ യാത്ര പുല്ലാഞ്ഞിമേട്ടിലേക്കാണ്. ആ പേര് കേട്ടപ്പോൾ തന്നെ ഒരു ഗൃഹാതുരത്വം. ഈ യാത്ര എന്തിനൊക്കെയോ നിമിത്തമാകുമെന്നൊരു തോന്നൽ.
തണുത്ത കാറ്റ് മുഖത്തേയ്ക്ക് അടിച്ചു തുടങ്ങിയപ്പോഴാണ് രേണുക ഉണർന്നത്.
“സ്ഥലം എത്താറായി. എല്ലാവരും റെഡിയായിക്കോ —“
ലോനപ്പൻ ചേട്ടൻ അന്നൗൺസ്‌മെന്റ് തുടങ്ങിയിട്ടുണ്ട്.
യവനിക ഉയരും മുൻപേ എല്ലാം ഒന്നുകൂടി ചിട്ടപ്പെടുത്തണം. രേണുകയിൽ നിന്നും സബ്കളക്ടർ ജയന്തിയിലേയ്ക്ക് പരകായ പ്രവേശം നടത്തണം.
യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും പറയാനും പ്രവർത്തിക്കാനാകാത്തത്കഥാപാത്രങ്ങളിലൂടെയെങ്കിലും സാധ്യമാകുമ്പോൾ അനുഭവവേദ്യമാകുന്ന അനുഭൂതി അനിർവ്വചനീയം തന്നെ.
ഈ പരകായപ്രവേശം രേണുകയിലെ സ്ത്രീയ്ക്ക് മനോധൈര്യം പകർന്നു തന്നിട്ടില്ലേ?
‘ഉണ്ട്’ എന്ന് നൂറുവട്ടം ഉറപ്പിച്ചു പറയാൻ കഴിയും.
ഓരോ നാടകവും ഓരോ പാഠപുസ്തകമാണ്. പല പല ജീവിതങ്ങളിലൂടെയും ഉയർച്ചതാഴ്ചകളിലൂടെയും കയറിയിറങ്ങാനുള്ള പാഠപുസ്തകം. മുഖംമൂടികളും ആവരണങ്ങളും അഴിഞ്ഞു വീണാലും പരകായ പ്രവേശത്തിന്റെ നിഴൽപ്പാടുകൾ അവിടെ ബാക്കിയാകുന്നു, അടുത്ത വേദിയിലേക്കുള്ള ഊർജ്ജത്തിനായി. …
രേണുക ഒരുങ്ങുകയാണ്. സബ് കളക്ടർ ജയന്തിയായി അടുത്ത മണിക്കൂറുകളിൽ ജീവിക്കുവാൻ.
ഒരു കള്ളച്ചിരി ആ കൺകോണുകളിൽ ഉയിർപൂണ്ടത് ആരുമറിഞ്ഞില്ല-ചുണ്ടുകളിൽ ഉയിർക്കൊണ്ടതും.
