യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….അനൗൺസ്മെന്റ് തുടങ്ങി.
എത്രാമത്തെത്തവണയാകും ഇത് കേൾക്കുന്നത്.
“കാക്കത്തൊള്ളായിരം ” എന്ന വാക്ക് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയാവും കണ്ടെത്തിയത്.
ആർക്കറിയാം.. എന്തായാലും ട്രെയിൻ യാത്രയെപ്പറ്റി ഓർക്കുമ്പോഴേ മനസ്സിൽ വരുന്നത് ഈ ശബ്ദം തന്നെ.
ചില ശബ്ദങ്ങളും ഗന്ധങ്ങളും തനതായ ഓർമ്മകൾ തരുന്നു
ഇൻഡ്യൻ റെയിൽവേയെ പറ്റി ഓർക്കുമ്പോൾ നാസാരന്ധ്രങ്ങളിൽ പ്രാവിൻ കാഷ്ഠത്തിന്റെ ഗന്ധം നിറയുമായിരുന്ന ഒരു
കാലമു ണ്ടായിരുന്നു,.ജനശതാബ്ദിയെ പ്പോലെയുള്ള ട്രെയിനുകളുടെ വരവോടെ സുഖകരമായ ചില ഗന്ധങ്ങൾ ഓർമ്മയിൽ ചേക്കേറി.
ജീവിതം ഒരു തീവണ്ടി യാത്രപോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ യാത്രയ്ക്കിടയിൽ പലരെയും കണ്ടുമുട്ടുന്നു ചിലരുമായി കൂടുതൽ നാൾ ഇടപഴകുന്നു. ചിലരാകട്ടെ ഒരു വാക്കു പോലും മിണ്ടാതെ ഇടയ്ക്കെവിടെയോ ഇറങ്ങിപ്പോകുന്നു പിന്നീടെന്നെങ്കിലും ഒരിക്കൽ കണ്ടെങ്കിലായി കണ്ടില്ലെങ്കിലായി. ചിലരൊക്കെ എവിടെയോ എങ്ങനെയോ ജീവിക്കുന്നുവെന്ന് കരുതാറില്ലേ. അതിന് അപവാദമായ ഒരു സംഭവത്തിലൂടെ മണിക്കൂറുകൾക്ക് മുൻപ് കടന്നു പോയതിന്റെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല.
സർക്കാർ ജോലിയുടെ മാധുര്യവും പേറി ചെന്നെത്തിയത് ഒരു ഹൈറേഞ്ചിൽ. രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി ഉദ്യോഗവും ജീവിതവുമായി പയറ്റു തുടങ്ങിയപ്പോഴാണ് ഇത് വിചാരിക്കും പോലെ അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്.
ഉടുത്തൊരുങ്ങി ജോലിക്ക് പോകുന്ന സ്ത്രീകളെ കാണുമ്പോൾ മുൻപ് മനസ്സിൽ പറഞ്ഞിട്ടുണ്ട്.
“ഹോ. അവരുടെ ഒക്കെ ഒരു ഭാഗ്യം. എന്നും രാവിലെ ഒരുങ്ങിയങ്ങ് പോകാമല്ലോ. എന്തൊരു സുഖം .”
ഇപ്പോഴല്ലേ മനസ്സിലായത് സാധാരണ വീട്ടമ്മമാർ രാവിലെ മുതൽ വൈകുന്നേരം വരെ സമയമെടുത്ത് ചെയ്യുന്ന ജോലികൾ ഒരു മായാജാലക്കാരിയുടെ കൈയടക്കത്തോടെ മണിക്കൂറുകൾ കൊണ്ട് തീർത്ത് അടുത്ത അങ്കത്തിനായുള്ള ഓട്ടത്തിലാണവരെന്ന്. അതിനിടയിൽ മനസ്സു തുറന്നുള്ള ചിരികളും തമാശകളുടെയും മാലപ്പടക്കം പൊട്ടുന്നത് തീവണ്ടി കമ്പാർട്ട്മെന്റുകളിലാണെന്ന് മാത്രം.തിരിച്ച് വീട്ടിലെത്തിയാൽ ഒന്ന് വിശ്രമിക്കാൻ കൂടി നിൽക്കാതെ വീണ്ടും കുടുംബത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടിറങ്ങുകയായി. ആകെ ഒരു ഗുണമുള്ളത് കുത്തുവാക്കുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയാകാൻ കുറച്ച് സമയമേ മറ്റുള്ളവർക്ക് ഇവർ കൊടുക്കുന്നുള്ളൂ എന്നതാണ്. പക്ഷേ ആ സമയം കൊണ്ട് തന്നെ ഉദ്യോഗസ്ഥയോടുള്ള അസഹിഷ്ണുത ആവോളം പ്രകടിപ്പിക്കപ്പെട്ടിരിക്കും.
ജീവിത വഴിയിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ മാറിയും മറിഞ്ഞും വരുമ്പോൾ മനസ്സ് ഒരു വിദൂഷകനെപ്പോലെ ഒരു തീം സോങ്ങ് അങ്ങ് പാടിത്തരും
“സ്ത്രീജന്മം പുണ്യജന്മം. “
പണ്ടെങ്ങോ ഹിറ്റായ ഒരു സീരിയലിന്റെ ടൈറ്റിൽ സോങ്ങ്.
ഇതുമാത്രമെന്താണാവോ എപ്പോഴുംമനസ്സിലേക്കോടിയെത്തുന്നത്.
അങ്ങനെ ഒരു പുണ്യജന്മമായി സ്വയം അവരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മെഹറുന്നീസയെ പരിചയപ്പെടുന്നത്.
“മെഹറുന്നീസാ ബീഗം “
പേരു പോലെ സുന്ദരമായ ഒരു രൂപമായിരുന്നു അവൾക്ക്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ മരുമകൾ.
അടുത്ത വീട്ടിലെ സർക്കാരുദ്യോഗസ്ഥയെ പരിചയപ്പെടാനുള്ള അവളുടെ ഉദ്വേഗം ഞങ്ങളെ സുഹൃത്തുക്കളാക്കി.
രണ്ടാൾക്കും ഒരു വയസ്സുള്ള ഓരോ പെൺമക്കളുണ്ട് എന്നതായിരുന്നു ഞങ്ങൾ തമ്മിലുള്ള സാമ്യം.
ഇവിടെ മിന്നുവും അവിടെ സോഫിയും.
ഭക്ഷണക്കാര്യത്തിൽ മിന്നുവും സോഫിയും ഒരു പോലെ തന്നെ. രാവിലത്തെ ഭഗീരഥപ്രയത്നത്തിനിടയിൽ സമയം വൈകുന്തോറും എന്റെ മനസ്സിൽ വേവലാതി തുടങ്ങും. മെഹറുവാകട്ടെ അപ്പോൾ വളരെ ശാന്തമായി പൂച്ചയെയും പൂക്കളെയും ഒക്കെ കാണിച്ച് സോഫിയക്ക് അവൾക്ക് ഇഷ്ടമുള്ള പത്തിരി പാലിൽ കുതിർത്ത് കുഞ്ഞിളം ചുണ്ടുകൾക്കിടയിൽ തിരുകുകയായിരിയ്ക്കും.ഈ കാഴ്ച എന്നിലെ അക്ഷമയായ അമ്മയെ കുറച്ചൊന്നു മാറ്റിയെടുത്തിട്ടുണ്ട്.
ദിവസങ്ങളും മാസങ്ങളും കടന്നു പോയതറിഞ്ഞില്ല.
ആഗ്രഹിച്ചതു പോലെ രണ്ട് വർഷത്തിനൊടുവിൽ സ്വന്തം നാട്ടിലേക്കൊരു സ്ഥലം മാറ്റം. എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ മനസ്സ് എന്തിനെന്നറിയാതെ ഒന്നു തേങ്ങി. സോഫിയുടെ കൈയ്യും പിടിച്ച് നിൽക്കുന്ന മെഹ്റുവിന്റെ രൂപം ഏറെക്കാലം കണ്ണിൽ നിന്ന് മാഞ്ഞിരുന്നില്ല.
സോഷ്യൽ മീഡിയ രംഗപ്രവേശം ചെയ്തിട്ടില്ലാത്ത കാലത്തെ ബന്ധങ്ങളായതുകൊണ്ടാകും പിന്നീടുള്ള നാൾവഴികളിലൊന്നിലും മെഹ്റുവിനെ കണ്ടതുമില്ല ,കേട്ടതുമില്ല.
അങ്ങനെയിരിക്കെയാണ് ഔദ്യോഗികാവശ്യത്തിനായി ഒരു യാത്ര വീണു കിട്ടിയത്. 10 വർഷത്തിന് ശേഷം വീണ്ടും മലമടക്കുകളുടെ നാട്ടിലേക്ക്.
സ്ഥലമടുക്കുന്തോറും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു .
പഴയ സുഹൃത്തുക്കളെയൊക്കെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ എന്തൊരാനന്ദമായിരുന്നെന്നോ!
മെഹ്റുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും നേരം സന്ധ്യയാകാറായിരുന്നു.
“അയ്യോ ഇതാര്. എത്ര നാളായി കണ്ടിട്ട്?”
സബീനാത്തയാണ് ,മെഹ്റുവിന്റെ അമ്മായി അമ്മ.
വളരെക്കാലമായി കാത്തിരുന്ന ബന്ധുവിനെയെന്നോണം സബീനത്താത്ത ഓടി വന്നെന്റെ കരം പിടിച്ചു. സ്വീകരിച്ച് അകത്തേക്കിരുത്തി. സൽക്കാരത്തിനുള്ള ഒരുക്കത്തിനിടയിൽ തന്നെ താത്തയുടെ കുശലാന്വേഷണവും തുടങ്ങി. ഇടയ്ക്ക് ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ ഞാൻ അവസരം കളഞ്ഞില്ല.
“സബീനാത്താ സോഫി എവിടെ ?
അവൾ എത്രാം തരത്തിലായി?
“ഓളിപ്പോ എട്ടാം ക്ലാസ്സിലായി. ട്യൂഷനു പോയിരിക്കുകയാ. ഇപ്പോ വരും.”
മെഹ്റൂനെ കണ്ടില്ലെല്ലോ .എവിടെപോയി.? ഇവിടെയില്ലേ?
അവർക്ക് എത്ര കുട്ടികളായി?
പെട്ടെന്ന് സബീനാത്തയുടെ മുഖത്തെ ചിരി മാഞ്ഞു.
“അല്ലാ ….ങ്ങളൊന്നും അറിഞ്ഞിരുന്നില്ലേ?
“ഓള് മരിച്ചു പോയി. ഇപ്പോ 6 വർഷമാകണു. “
എന്തു പറയണമെന്നറിയാതെ ഞെട്ടിത്തരിച്ച് നിൽക്കുന്നതിനിടെ സബീനാത്തയുടെ വാക്കുകൾ കാതിൽ വന്നലച്ചു.
“ഓൾക്ക് ടി.ബി ആയിരുന്നു. കുറെ ചികിത്സിച്ചു. എല്ലാം മാറിയതായിരുന്നു. മരിക്കുമ്പോൾ അവൾ 7 മാസം ഗർഭിണിയായിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോ അൻവർ വേറെ കല്യാണം കഴിച്ചു. അവർക്ക് ഇപ്പോളൊരു ആൺകുട്ടിയുണ്ട് .
“എന്റെ ദൈവമേ. എന്തായി കേൾക്കുന്നത് .?
6 വർഷത്തിനു മുൻപ് മരിച്ചു പോയ ഒരാളെ കാണാനാണോ ഞാൻ ഓടിയെത്തിയത്?”
മനസ്സ് ഒരു നെരിപ്പോടായതു പോലെ, …
ഒന്നും മിണ്ടാനാവുന്നില്ല. ഒന്നു കരയാൻ പോലുമാകുന്നില്ല.
സബീനാത്തയുടെ കൈ മുറുകെ പിടിച്ചമർത്തി തിരിഞ്ഞ് നടക്കുമ്പോൾ പിറകെ ആ ശബ്ദം കേൾക്കാമായിരുന്നു.
“ങ്ങൾക്ക് സോഫിയെക്കാണണ്ടേ .ഓളിപ്പോ വരും”
അവളോട് ഞാനിനി എന്തു പറയാൻ.? മനസ്സു മന്ത്രിച്ചു.
ഗേറ്റു കടന്ന് ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ തലയിൽ തട്ടമിട്ട വെളുത്ത് കൊലുന്നനെയുള്ള ഒരു പെൺകുട്ടി റോഡിന്റെ ഓരം ചേർന്ന് നടന്നു വരുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിലേക്ക് ഞാൻ സൂക്ഷിച്ച് നോക്കി. സുറുമയെഴുതിയ ആ കണ്ണുകളിലെ പിടച്ചിൽ ഞാൻ തിരിച്ചറിഞ്ഞു. പേടിച്ചരണ്ട ഒരു മാൻപേടയുടെ അരക്ഷിതബോധം അവളുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു.
അതെ. ഇത് അവൾ തന്നെ .മെഹ്റുവിന്റെ സോഫിയ.
തന്നെ തുറിച്ച് നോക്കുന്ന അപരിചിതയിൽ നിന്ന് ഓടിയൊളിക്കാനെന്നോണം അവൾ നടത്തത്തിന്റെ വേഗം കൂട്ടി .
രാത്രി ട്രെയിനിനായി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് മെഹറുന്നീസയും സോഫിയും ആയിരുന്നു.
നിഴലില്ലാതെയായ പാവം മെഹറുന്നീസ .
പെട്ടെന്ന് വീട്ടിലെത്തി മിന്നുവിനെ കെട്ടിപ്പിടിച്ച് നെറുകയിൽ ഒരുമ്മ കൊടുക്കാൻ മനസ്സ് വെമ്പൽ പൂണ്ടു.
സ്ത്രീ ജന്മം അത്ര മോശമൊന്നുമല്ല. അമ്മയാകാനും മകളാകാനുമുള്ള അവസരം ദൈവം നീട്ടിത്തരുവോളം കാലം
അത് പുണ്യജന്മം തന്നെയാണ്. മായുന്ന നിഴലുകൾ കാലത്തിന്റെ അനിവാര്യതയാണെങ്കിലും വൃഥാ മോഹിച്ചു പോകുന്നു,
നിഴലുകൾ മായാതിരുന്നെങ്കിൽ.
