മാധവനും പങ്കജാക്ഷിയും
കുന്നേത്തറയിൽ മാധവൻ്റെ ഭാര്യയായി വലതുകാൽ വെച്ച് കയറി വന്നവളാണ് പങ്കജാക്ഷി.പേരു പോലെ തന്നെ സുന്ദരി
ഗോതമ്പിൻ്റെ നിറവും കറുത്തിടതൂർന്ന കേശഭാരവുമുള്ള ഒരു സുന്ദരി.
ബാല്യ വിവാഹം പ്രചാരത്തിലായിരുന്ന കാലമായതിനാൽ വിവാഹിതനാകുമ്പോൾ മാധവന് പ്രായം 18, പങ്കജാക്ഷിക്ക് പ്രായം 13ഉം

മേനാത്തേരിൽ വളാലിൽ കുടുംബാംഗമായിരുന്നു പങ്കജാക്ഷി. ആളൊരു മിടുമിടുക്കി തന്നെയായിരുന്നു. മാധവനാകട്ടെ സ്വതവേ പതിഞ്ഞ സ്വഭാവവും
ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു മാധവൻ.ജീവിതത്തെപ്പറ്റി വലിയ ദീർഘവീക്ഷണമൊന്നുമില്ലാതെ പോകുന്നതു പോലെ പോകട്ടെ എന്ന് കരുതുന്ന ഒരാൾ.
എന്നാൽ പങ്കജാക്ഷിയമ്മയ്ക്ക് തൻ്റെ ജീവിതത്തെപ്പറ്റി വ്യക്തമായ ധാരണകളുണ്ടായിരുന്നു. ആകുലതകളും.
മാധവൻ അക്കാലത്ത് ജ്യേഷ്ഠൻ കേശവനുമായി ചേർന്ന് കരുപ്പട്ടി വ്യാപാരം നടത്തിവരുകയായിരുന്നു. പിൽക്കാലത്ത് കേശവൻ്റെ ശമ്പളം പറ്റുന്ന വെറുമൊരു ജോലിക്കാരനായി മാധവൻ മാറി.
പതിയെ പതിയെ കുടുംബഭാരം പങ്കജാക്ഷിയുടെ ചുമലുകൾക്ക് കനം കൂട്ടാൻ തുടങ്ങി
ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ ആ ദാമ്പത്യവല്ലരിയിൽ ആദ്യ കുസുമം വിടർന്നു.രാജേന്ദ്രൻ
തൊട്ടു പിന്നാലെ രവീന്ദ്രൻ, ചന്ദ്രൻ , ഇന്ദിര, ബാബു എന്നിവരും
അവർ അഞ്ചു പേരെയും വളർത്തിയെടുക്കുന്ന കാലം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു
കൂനിൻമേൽ കുരുപോലെ മാധവൻ്റെ ലാഘവഭാവം കൂടി ആയപ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത പങ്കജാക്ഷിയമ്മയ്ക്ക് എടുത്തണിയേണ്ടിവന്നു. കുടുംബത്തിലെ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം ഇതൊന്നും മാധവനെ ബാധിക്കുന്ന പ്രശ്നമേയല്ലായിരുന്നു.
മാധവന് കിട്ടുന്ന ചെറിയ വരുമാനത്തിൻ്റെ ഒരു ഭാഗം വീട്ടു ചെലവിന് ഏൽപ്പിച്ചു കഴിഞ്ഞാൽ തീർന്നു ഒരു മാസത്തെ ചെലവിൻ്റെ ഉത്തരവാദിത്വം.
ഭർത്താവിൻ്റെ ഉത്തരവാദിത്വമില്ലായ്മ പങ്കജാക്ഷിയമ്മയിൽ അയാളോടുള്ള വിദ്വേഷമോ വാശിയോ ഒക്കെ ആയി വളരാൻ തുടങ്ങി.
ഒറ്റയ്ക്ക് ഒരു തെങ്ങിൻ കുറ്റി മുഴുവൻ മാന്തിയെടുക്കുമായിരുന്നത്രേ അവർ.കയർ പിരിക്കാനും തൊണ്ടു തല്ലാനുമുൾപ്പടെ ആണുങ്ങൾ ചെയ്യുന്ന ജോലികളുൾപ്പടെ ചെയ്യാൻ പങ്കജാക്ഷിയമ്മ ഒരുക്കമായിരുന്നു.
ആൺമക്കൾ നാലുപേരും അവരാലാകുന്നത് പോലെ അമ്മയെ സഹായിച്ച് പോന്നു.പതിയെ പതിയെ ആ കുടുംബം പുരോഗതിയുടെ പാതയിലേക്കെത്താൻ തുടങ്ങി.
ആൺ മക്കളുടെ സ്വഭാവ രൂപീകരണത്തിൽ അച്ഛൻമാരുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ അത് എന്തൊക്കെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിൻ്റെ .ഉത്തമ ദൃഷ്ടാന്തമായിരുന്നു മൂത്ത മകൻ രാജേന്ദ്രൻ.
തുടരും ….