നിലാവ് പെയ്യുന്ന വഴികളിലൂടെ-അധ്യായം-ഒന്ന്
പിന്നിട്ട വഴികളിലെ ഓരോ സംഭവങ്ങളും കോർത്തിണക്കി ഒരു അനുഭവകഥ എഴുതണമെന്ന് വിചാരിച്ചിട്ട് കുറേ നാളായി. പഠിച്ചിരുന്ന കാലത്തൊന്നും ചരിത്രം ഇഷ്ട്ര വിഷയമായിരുന്നില്ല. എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ പഴയ കാര്യങ്ങൾ അറിയുന്നതിൽ ജിജ്ഞാസയേറി
ഇടക്കൊന്ന് എഴുതി തുടങ്ങിയതുമാണ്. അപ്പോഴാണ് വിധി ഒരു കൊടുങ്കാറ്റായി ഞങ്ങൾക്കു മേൽ ആഞ്ഞടിച്ചത്.
തെല്ലു നീണ്ടാരു ഇടവേളക്ക് ശേഷം വീണ്ടും മനസ്സിന് ഒരു റിവേഴ്സ് ഗിയറിടൽ.
കിലുക്കാം പെട്ടിയെപ്പോലെ ,പൂമ്പാറ്റയെപ്പോലെ എല്ലായിടത്തും പാറി നടന്ന ഒരു കുട്ടിക്കാലം.
അച്ഛന്റെ കുടുംബത്തിലെ ആദ്യ കൺമണി
അതു കൊണ്ട് അവിടെയായിരുന്നു കൂടുതൽ താരപരിവേഷം
കുന്നേത്തറയിൽ വീട്
അതായിരുന്നു എന്റെ അച്ഛൻ വീട്.
ഇതെന്താ ഈ വീടിന് ഈ പേര്?
നല്ല പേര് വല്ലതും ഇട്ടു കൂടായിരുന്നോ.
പലപ്പോഴും കുഞ്ഞായിരുന്നപ്പോൾ ആരോടെന്നില്ലാതെ ചോദിച്ചിട്ടുണ്ടത്രേ.
അവ്യക്തമായി മാത്രം മനോമുകുരത്തിൽ കാണുന്ന ആ പഴയ വീടിന് കുന്നേത്തറ എന്നല്ല പുണ്ണൻ പുര എന്ന പേരാണ് ചേരുന്നതെന്ന്താൻ പറയുമായിരുന്നത്രേ
ചാണകം മെഴുകിയ തറയിലും ഭിത്തിയിലും ഒക്കെയുള്ള കൈപ്പാട് കണ്ടിട്ടാകണം തൻ്റെ പിഞ്ചു മനസ്സിന് അങ്ങനെ തോന്നിയത്.
കുന്നേൽത്തറയിൽ നീലകണ്ഠൻ്റെയും കുഞ്ഞിപ്പെണ്ണിന്റേയും മകൻ മാധവൻ. എന്റെ മുത്തശ്ശൻ
തടികൾ വിലയ്ക്ക് എടുത്ത് മറിച്ചു വിൽക്കുന്ന തൊഴിലായിരുന്നു നീലകണ്ഠന്
നീലകണ്ഠന് ഏഴ് മക്കളായിരുന്നു. അഞ്ച് ആണും രണ്ട് പെണ്ണും
ആൺമക്കളിൽമൂത്തയാൾ ശങ്കരൻ, രണ്ടാമൻ വേലായുധൻ, മൂന്നാമൻകേശവൻ ,അതിനു താഴെമാധവൻ ഏറ്റവും ഇളയത് വാസു
പെൺമക്കളിൽ മൂത്തത് കൊച്ചു ദേവി,ഇളയത് ജാനകി
നീലകണ്ഠൻ നന്നായി ധനം സമ്പാദിക്കുകയും അതുപോലെ ആർഭാടമായി ജീവിക്കുകയും ചെയ്ത ഒരാളായിരുന്നു. മരങ്ങാട്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായതിനാൽ പാരമ്പര്യ സ്വത്തിന് അവകാശികളായത് അദ്ദേഹത്തിന്റെ അനന്തിരവൻമാരാണ്. സ്വത്ത് ഭാഗം വെയ്പിനു ശേഷം പിന്നീടുള്ള സമ്പാദ്യം കൊണ്ട് അദ്ദേഹം ഒരു വള്ളം വാങ്ങി.ആ വള്ളം വിറ്റപ്പോൾ കിട്ടിയ തുക കൊണ്ട് വാങ്ങിയതാണത്രേ കുന്നത്തറയും പരിസരവും,പിൽക്കാലത്ത് തൻ്റെ വസ്തുവകകൾ മക്കൾക്ക് വീതിച്ച് നൽകിയപ്പോൾ കുന്നത്തറ മാധവനും അതിൻ്റെ കിഴക്കു ഭാഗം ജാനകിയ്ക്കും സ്വന്തമായി. പരസ്പരം ഭാഗങ്ങൾ വാങ്ങിയെടുത്തപ്പോൾ.തങ്കയത്തിൽ ഭാഗത്തുള്ള സ്ഥലങ്ങൾക്ക് കേശവനും വാസുവും അവകാശികളായി. കുഞ്ഞിപ്പെണ്ണിന്റെ കുടുംബ ഓഹരിയായ ചെന്നിലേത്ത് വസ്തുക്കൾക്ക് വേലായുധനും മാധവനും അവകാശികളായി. ശങ്കരൻ ചെറുപ്പത്തിൽ തന്നെ പാമ്പുകടിയേറ്റ് ഇഹലോകവാസം വെടിഞ്ഞിരുന്നു
മുതിർന്നതിനു ശേഷം പക്ഷെ ആൺമക്കളാരും അച്ഛന്റെ വ്യാപാരവുമായി മുന്നോട്ട് പോയില്ല
കായംകുളം കമ്പോളത്തിലെ വ്യാപാരികളുടെ സഹായികളായി അവർ പറ്റിക്കൂടി.
അന്നത്തെക്കാലത്തെ കായംകുളത്തെ ഒരു പ്രമുഖ വ്യാപാരിയായിരുന്നു
ഹാജി ഹസ്സൻ സേട്ട്. സേട്ടിന്റെ പല വ്യാപാരങ്ങളിൽ ഒന്നായിരുന്നു കരുപ്പട്ടി വ്യാപാരം
സേട്ടു മുതലാളിയുടെ കയ്യിൽ നിന്ന് കടമായി വാങ്ങിയ 1 2 പൊതി കരുപ്പട്ടിയിൽ നിന്നായിരുന്നു കേശവന്റെയും മാധവന്റെയും വ്യാപാര ജീവിതത്തിന്റെ തുടക്കം.12 പൊതി കരുപ്പട്ടി യിൽ നിന്ന് തുടങ്ങിയ വ്യാപാരം പിന്നീട് ശർക്കര, കയർ, ഉപ്പ് തുടങ്ങിയ അനുബന്ധ വ്യാപാരങ്ങളിലേക്ക് വളർന്നു.
രാജ്യമെങ്ങും ദാരിദ്ര്യം കൊടുമ്പിരിക്കൊള്ളുന്ന കാലം. കിട്ടിയ ചെറിയ തുകകൾ കൂട്ടി വെച്ച് ആ സഹോദരങ്ങൾ പതിയെ ജീവിതം കരുപ്പിടിപ്പിച്ചു.വാസു തയ്യൽ ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തു.
കൊച്ചുതേവി തന്റെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത് നീലകണ്ഠന്റെ അനന്തിരവനായ പപ്പുവിനെയായിരുന്നു.
മുത്തച്ഛൻ്റെ അമ്മയുടെ രൂപം ഒരു രേഖാച്ചിത്രം പോലെ മനസ്സിലുണ്ട്
യഥാർത്ഥത്തിൽ ഞാൻ ആ അമ്മൂമ്മയെ കണ്ടിട്ടുണ്ടോ
അതോ വായ് മൊഴികളിലൂടെ കേട്ടറിഞ്ഞ രൂപം മനസ്സ് വരച്ച തോ
എന്തെങ്കിലു മാകട്ടെ. ആ അമ്മൂമ്മയും മരിച്ചു പോയ അപ്പൂപ്പൻമാരും കാരണം എന്തായാലും എല്ലാ മാസവും ഒരു ദിവസമെങ്കിലും പായസം കുടിക്കാൻ ഇടയാക്കുമായിരുന്നു. അതിന്റെ ഒക്കെ ആള് നമ്മുടെ പങ്കജാക്ഷിയമ്മയായിരുന്നു
ഉയർന്ന വാതിൽപ്പടികളും കട്ടിളപ്പൊക്കം കുറവുള്ളതുമായ പുണ്ണൻ പുര കാലക്രമത്തിൽ ഇഷ്ടിക കെട്ടിയ വീടിന് വഴി മാറി
കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി എന്ന പരിഗണന ആവോളം ലഭിച്ചിരുന്ന ബാല്യകാലം
കിലുക്കാം പെട്ടിയെപ്പോലെ സംസാരിച്ചു നടക്കുന്നത് കൊണ്ട് എല്ലാവരുടെയും കണ്ണിലുണ്ണിയായി ജയമോൾ വളർന്നു.
പത്തു മാസമായപ്പോൾ തന്നെ സംസാരിക്കാൻ തുടങ്ങിയിരുന്നു എന്നാണ് അമ്മച്ചി പറഞ്ഞറിവ്. പത്താം മാസത്തിൽ യശോധരൻ മാമനോട് എനിച്ച് കമ്മൽ വേണം എന്ന് കൊഞ്ചി കരഞ്ഞപ്പോൾ മാമൻ അടുത്ത വരവിന് എത്തിയത് ഒരു കമ്മലുമായി.
സ്റ്റാറും മുത്തും – അതായിരുന്നു അതിൻ്റെ പേര്, അന്നത്തെ trendy design. പത്താം ക്ലാസ്സെത്തുവോളം എൻ്റെ കാതിൻ്റെ അലങ്കാരം അതായിരുന്നു.
അതൊക്കെ മാറ്റി വാങ്ങാൻ അമ്മച്ചിയോട് വഴക്കിട്ടത് ഞാനായിരുന്നു. ഇന്നോർക്കുമ്പോൾ നഷ്ടബോധം തോന്നുന്നു.
മാമൻമാരും കൊച്ചച്ചൻമാരും ഒക്കെ കൂടി ഒരു രാജകുമാരിയെപ്പോലെയാണ് കൊണ്ടു നടന്നത്. ദാരിദ്ര്യമുള്ള കാലമായിരുന്നെങ്കിലും ഞാനൊന്നും അറിഞ്ഞതേയില്ല
കുന്നേൽത്തറയിൽ വീട്ടിലെ അധികാര കേന്ദ്രം പങ്കജാക്ഷിയമ്മയായിരുന്നു. എല്ലാവർക്കും അമ്മയെ പേടിയായിരുന്നു.
ഞാൻ അമ്മയെന്നായിരുന്നു വിളിച്ചിരുന്നത്. അതിനും ഒരു കാരണമുണ്ടത്രേ. എന്നെ അമ്മച്ചി ഗർഭം ധരിക്കുന്ന സമയത്ത് അമ്മ സുന്ദരിയും അരോഗദൃഢഗാത്രയുമായിരുന്നു. ആ പ്രായത്തിൽ ഒരമ്മൂമ്മയാവാൻ അവർ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല .അതുകൊണ്ടാണത്രേ ഞാൻ അമ്മ എന്ന് വിളിച്ചിരുന്നത്.
